Kerala

തൃശൂരിലെ തോൽവിയും കൂട്ടത്തല്ലും; DCC പ്രസിഡ‍ന്റ് ജോസ് വള്ളൂർ‌ രാജിവെച്ചു

Spread the love

കെപിസിസിയുടെ അന്ത്യശാസനക്ക് പിന്നാലെ തൃശൂർ ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ. തൃശൂരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നതായി ജോസ് വള്ളൂർ പറഞ്ഞു. പ്രവർത്തകർക്ക് മുന്നിലായിരുന്നു രാജി പ്രഖ്യാപനം. യുഡിഎഫ് ചെയർമാൻ എംപി വിൻസന്റും രാജിവെച്ചു.

ജോസ് വള്ളൂരിനെ അനുകൂലിച്ച് ഒരു വിഭാ​ഗം രം​ഗത്തെത്തി.ജോസിന് അഭിവാദ്യം അർപ്പിച്ച് നിരവധി പ്രവർത്തകരാണ് അദ്ദേഹത്തോടൊപ്പം ഇവിടേക്കെത്തിയത്. ജോസ് വള്ളൂരിനെ എതിർക്കുന്ന ഒരു വിഭാ​ഗം പ്രവർത്തകരും ഇവിടെയുണ്ടായിരുന്നു. തുടർന്ന് ഇരുവിഭാ​ഗം തമ്മിൽ‌ വീണ്ടും ഉന്തും തള്ളും ഉണ്ടായി. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല ഏറ്റെടുക്കാൻ കഴിയുമോ എന്ന് ദേശീയ നേതൃത്വം ആരാഞ്ഞിരുന്നു.

കെ.മുരളീധരന്റെ തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്നു ജില്ലയിൽ കോൺഗ്രസിൽ ഉണ്ടായ തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കഴിഞ്ഞ ദിവസം ഡിസിസി ഓഫിസിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ആക്രമിക്കുന്നതിൽ വരെയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം കടുത്ത നടപടികളിലേക്ക് കടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പതിച്ച പോസ്റ്ററിനെച്ചൊല്ലിയുള്ള തർക്കമാണ് വെള്ളിയാഴ്ച വൈകുന്നേരം കൈയേറ്റത്തിലെത്തിയത്.