Tuesday, April 22, 2025
Latest:
Kerala

‘സിനിമ ചെയ്തേ മതിയാകൂ, കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും’; സുരേഷ് ഗോപി

Spread the love

കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇനി അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുള്ളതായും സൂചനയുണ്ട്.

നാലു സിനിമകള്‍ ചെയ്യാനുണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്നും അറിയിച്ചിരുന്നു.എന്നാൽ കേന്ദ്രമന്ത്രിയാകാന്‍ ബി.ജെ.പി നേതൃത്വം സമ്മര്‍ദം ചെലുത്തുകയായിരുന്നു.

തനിക്ക് ഏതുവകുപ്പിന്റെ സഹമന്ത്രി സ്ഥാനമാണെന്ന് അറിയില്ലെന്നും ഏത് വകുപ്പ് തന്നാലും സ്വീകരിക്കുമെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിനുവേണ്ടി താന്‍ ആഞ്ഞുപിടിച്ച് നില്‍ക്കുമെന്ന് സുരേഷ് ഗോപി വത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ കേരളത്തിനുവേണ്ടിയും തമിഴ് നാടിനും വേണ്ടിയാണ് നില കൊള്ളുന്നത്. എം പി ക്ക് എല്ലാ വകുപ്പുകളിലും ഇടപെടാന്‍ കഴിയും. ഏത് വകുപ്പ് എന്നതില്‍ ഒരു ആഗ്രഹവുമില്ല. ഏത് ചുമതലയും ഏറ്റെടുക്കും. സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കാതിരുന്നാല്‍ മതി. ജോര്‍ജ് കുര്യന്‍ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാന്‍ സാധിക്കും. കേന്ദ്ര സഹമന്ത്രി സ്ഥാനം പോലും വേണ്ട എന്നാണ് താന്‍ പറഞ്ഞതെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.