രാജ്യസഭാ സീറ്റ്; വിട്ടുവീഴ്ച ചെയ്ത് CPIM; കേരള കോൺഗ്രസ് എമ്മിനും സിപിഐക്കും സീറ്റ്
രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സിപിഐഎം. കേരള കോൺഗ്രസ് എമ്മിനും സിപിഐക്കും സീറ്റ് നൽകി. ഒഴിവു വന്ന രണ്ട് സീറ്റിൽ ഒരെണ്ണം സിപിഐഎം ഏറ്റെടുത്തിരുന്നു. രണ്ടാമത്തെ സീറ്റിൽ അവകാശം ഉന്നയിച്ച് എൽഡിഎഫിലെ നാല് പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ കടുംപിടുത്തം പിടിച്ചത് കേരള കോൺഗ്രസ് എമ്മും സിപിഐയും ആയിരുന്നു. ഈ തർക്കത്തിലാണ് സിപിഎം വിട്ടുവീഴ്ചക്ക് തയാറാകേണ്ടി വന്നത്.
കേരള കോൺഗ്രസ് എമ്മും സിപിഐയും ആയും സിപിഎം ഉഭയകക്ഷി ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കേരളകോൺഗ്രസിനായി വിട്ടുവീഴ്ച ചെയ്യാമോയെന്ന സി.പി.എമ്മിൻറെ അഭ്യർഥന സി.പി.ഐ നിഷ്കരുണം തള്ളുകയും ചെയ്തതു. വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സിപിഐഎം വിട്ടുവീഴ്ചക്ക് തയാറായത്. എൽഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം. സീറ്റ് നൽകിയില്ലെങ്കിൽ കേരള കോൺഗ്രസ് മുന്നണി വിട്ടേക്കുമെന്ന ആശങ്ക സി.പി.ഐ.എം നേതൃത്വത്തിനുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണിയിൽ കൊഴിഞ്ഞുപോക്കുണ്ടാകുന്നത് തിരിച്ചടിയാകുമെന്ന് നേതൃത്വം വിലയിരുത്തിയിരുന്നു.