കെഎസ്ആർടിസി ഇടിച്ച് ‘ശക്തൻ തമ്പുരാൻ വീണു’; മന്ത്രി ഗണേഷിൻ്റെ ഇടപെടൽ, പ്രതിമ ഉടൻ പുനഃസ്ഥാപിക്കും
കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസി പുനസ്ഥാപിക്കും. ശക്തൻ തമ്പുരാന്റെ പ്രതിമ കെഎസ്ആർടിസിയുടെ ചെലവിൽ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉറപ്പു നൽകിയതായി മന്ത്രി കെ രാജൻ അറിയിച്ചു. പ്രതിമയുടെ ശിൽപ്പികളുമായി കൂടിയാലോചിച്ച് എത്രയും വേഗത്തിൽ പ്രതിമ പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.
അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷമാണ് മന്ത്രി കെ രാജൻ പ്രതികരണം നടത്തിയത്. തൃശൂർ എംഎൽഎ പി ബാലചന്ദ്രനും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.ശക്തൻ തമ്പുരാൻ്റെ പ്രതിമ ഇങ്ങനെ തകർന്ന് കിടന്നുകൂടാ. പ്രതിമ പുനസ്ഥാപിക്കാൻ വേണ്ട നടപടികൾ ചെയ്ത് നൽകാമെന്ന് കെ എസ് ആർ ടി സി തന്നെ അറിയിച്ചിട്ടുണ്ട്.
പ്രതിമയുടെ ശിൽപ്പി ഉൾപ്പെടെയുള്ള എല്ലാവരുമായി കൂടിയാലോചിച്ച് പ്രതിമ പഴയതു പോലെ പുനസ്ഥാപിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രതിമ പുനസ്ഥാപിക്കുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.