12,500 മുതൽ 25000 രൂപ വരെ! ബിജെപിയുടെ വമ്പൻ കുതിപ്പിൽ കെട്ടിവച്ച കാശ് പോലും നഷ്ടം, കോൺഗ്രസിനും തിരിച്ചടി
ഭോപ്പാൽ: മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിച്ച 369 സ്ഥാനാർത്ഥികളിൽ 321 പേർക്കും കെട്ടി വെച്ച പണം നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ എല്ലാ സീറ്റിലും ബിജെപിയായിരുന്നു ജയിച്ചത്. 12,500 മുതൽ 25000 രൂപ വരെയാണ് സ്ഥാനാർത്ഥികൾക്ക് നഷ്ടമായത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം തൂത്തുവാരി ബിജെപി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
മധ്യപ്രദേശിൽ 40 വർഷത്തിന് ശേഷം ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറി. 26 മണ്ഡലങ്ങളിൽ ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ വോട്ടുകൾക്കാണ് ബിജെപിയുടെ വിജയിച്ച് കയറിയത്. ഭിൻഡ്, ഗ്വാളിയോർ, മൊറേന മണ്ഡലങ്ങളിൽ ഒരു ലക്ഷത്തിൽ താഴെ ഭൂരിപക്ഷത്തിനും വിജയിച്ചു. ബിജെപിക്ക് 59.3 ശതമാനം വോട്ട് വിഹിതം ലഭിച്ചു. 2019 ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 1.3 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി കരുത്ത് കാട്ടിയെങ്കിലും പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസിന് അടിപതറി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹാവേരി ആന്‍ഡ് ദാമന്‍ ദിയൂ, ഹിമാചല്‍പ്രദേശ്, ജമ്മു ആന്‍ഡ് കശ്‌മീര്‍, ലഡാക്ക്, മധ്യപ്രദേശ്, മിസോറാം, ദില്ലി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവയാണ് 18-ാം ലോക്‌സഭയില്‍ ഒരു കോണ്‍ഗ്രസ് എംപി പോലുമില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.
ഇവയില്‍ ആന്‍ഡമാനില്‍ ആകെയുള്ള ഒരു സീറ്റില്‍ ബിജെപിയോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുല്‍ദീപ് റായ് ശര്‍മ്മ തോറ്റു. ദാദര്‍ ആന്‍ഡ് നാഗര്‍ ഹാവേലിയില്‍ ബിജെപിയോടും ദാമന്‍ ദിയുവില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയോടും കോണ്‍ഗ്രസ് തോല്‍വി വഴങ്ങി. ജമ്മു കശ്‌മീരിലെ ജമ്മു മണ്ഡലത്തിലും ഉദംപൂരിലും ബിജെപിയോട് തോല്‍ക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ വിധി. ലഡാക്കിലെ ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയോടും മിസോറാമിലെ ഒരു സീറ്റില്‍ സോറം പീപ്പിള്‍ മൂവ്‌മെന്‍റിനോടും സിക്കിമിലെ ഒരു സീറ്റില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയോടും ത്രിപുര വെസ്റ്റില്‍ ബിജെപി സ്ഥാനാര്‍ഥിയോടും കോണ്‍ഗ്രസ് പരാജയപ്പെട്ടു.