ദേശീയ ഗോവധ നിരോധനം മുതൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വരെ, ബി ജെ പി വാഗ്ദാനങ്ങൾക്ക് ഇനിയെന്ത് സംഭവിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തത് ബി.ജെ.പിക്ക് പ്രതിസന്ധിയാകും. ഗോവധ നിരോധനം മുതൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വരെ ബിജെപി മുന്നോട്ട് വയ്ക്കുന്ന പല പദ്ധതികളും നടപ്പാക്കുന്നതിൽ നിന്ന് അവർക്ക് പിന്നോട്ട് പോകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഇത്തരം പദ്ധതികൾ നടപ്പിലാക്കാൻ ബി.ജെ.പിക്ക് സാധിക്കില്ല. എന്നാൽ എൻഡിഎ മുന്നണിയിലെ പല പാർട്ടികൾക്കും പല വിഷയത്തിലും ബി.ജെ.പിയുടേതിന് സമാനമായ നിലപാട് ഇല്ലെന്നതാണ് കാരണം
യൂണിഫോം സിവിൽ കോഡ്
മതവിശ്വാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള രാജ്യത്തെ നിയമങ്ങൾ പൊളിച്ച് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി.ജെ.പിയുടെ ഒരു വാഗ്ദാനം. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് നീക്കമെന്നാണ് ഇതിനെതിരെ ഉയരുന്ന പ്രധാന വിമർശനം. ഓരോ മതവിശ്വാസത്തിലും വിവാഹം, വിവാഹമോചനം, സ്വത്തവകാശം എന്നിവയിൽ ഭിന്ന നിലപാടുകളുള്ളതാണ് മതകേന്ദ്രീകൃതമായി വ്യത്യസ്ത നിയമങ്ങൾ വരാൻ കാരണമായത്. എന്നാൽ സിവിൽ കോഡ് യാഥാർത്ഥ്യമായാൽ അതിലൂടെ ലിംഗ നീതിയും സമത്വവും ഉറപ്പാക്കാമെന്നും ദേശീയ ഐക്യത്തിനും അത് കരുത്തേകുമെന്നും ബിജെപി പറയുന്നു.
വിവാദ ഭൂമികളിലെ ക്ഷേത്രങ്ങൾ
രാമക്ഷേത്രം അയോധ്യയിൽ സ്ഥാപിക്കപ്പെട്ടതിന് പിന്നാലെ ഉയർന്നതാണ് ഹിന്ദു വിശ്വാസ പ്രകാരം പുണ്യഭൂമികളായ ഇടങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം. മഥുരയിലെ കൃഷ്ണക്ഷേത്രത്തിലും വാരാണസിയിലെ ക്ഷേത്രം നിർമ്മാണവുമായി ബന്ധപ്പെട്ടും മുസ്ലിം പള്ളികളെ കൂടി കക്ഷിചേർത്ത് യുപിയിൽ രണ്ട് കേസുകൾ കോടതികളുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറിയാൽ ഈ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്നായിരുന്നു ബി.ജെ.പി നേതാക്കൾ പ്രചാരണത്തിൽ പറഞ്ഞിരുന്നത്. ബിഹാറിലെ പ്രചാരണത്തിനിടെ സീതാ ദേവിയുടെ ജന്‍മനാടായി കരുതപ്പെടുന്ന സീതാമർഹി പുനോര ധം പ്രദേശത്ത് സീതാ ദേവിക്കായി ക്ഷേത്രം പണിയുമെന്ന് അമിത് ഷാ തന്നെ വ്യക്തമാക്കിയിരുന്നു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണമെന്നാണ് ബി.ജെ.പിയുടെ മറ്റൊരു നിലപാട്. അഞ്ച് വർഷം കൂടുമ്പോൾ ഈ നിലയിൽ 28 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ശുപാർശ ചെയ്തുള്ള ഔദ്യോഗിക റിപ്പോർട്ട് കേന്ദ്ര സർക്കാരിൻ്റെ പരിഗണനയിലാണ്. ഇപ്പോൾ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പലപ്പോഴായാണ് നടക്കുന്നത്. രാജ്യ ഭരണത്തിനും വളർച്ചയ്ക്കും തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തണമെന്നാണ് കേന്ദ്ര സർക്കാർ സമിതി റിപ്പോർട്ട് നൽകിയത്. എന്നാൽ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമെന്നാണ് ഇതിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുന്നത്.
ഈ നയം നടപ്പിലാക്കാൻ പുതിയ നിയമം പാസാക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഇതിനോട് യോജിക്കുകയും വേണം. എന്നാൽ ഭൂരിപക്ഷം കുറഞ്ഞ സാഹചര്യത്തിൽ പ്രാദേശിക പാർട്ടികളുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയേക്കാവുന്ന ഈ തെരഞ്ഞെടുപ്പ് രീതിയുമായി മുന്നോട്ട് പോകാൻ ബി.ജെ.പി തയ്യാറായേക്കില്ല.
സാമ്പത്തികരംഗം
അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളർത്തുമെന്നാണ് ബി.ജെ.പിയുടെ മറ്റൊരു വാഗ്ദാനം. നിലവിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. രാജ്യത്ത് കൂടുതൽ തൊഴിലവസരം സൃഷ്ഠിക്കാൻ മാനുഫാക്‌ചറിങ് മേഖലയ്ക്ക് ഊന്നൽ നൽകുമെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും എങ്ങിനെയെന്ന് വിശദമാക്കുന്നില്ല. എന്നാൽ മൂന്നാം വട്ടം കുറഞ്ഞ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ബി.ജെ.പിക്ക് ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ ഊന്നൽ നൽകേണ്ടി വരും. അതിനായി സഖ്യകക്ഷികളുടെ സമ്മർദ്ദവും ഉണ്ടാകും.
പ്രതിപക്ഷത്ത് കരുത്ത് വർധിച്ചതും സഖ്യകക്ഷികളെ സന്തുഷ്ടരായി നിർത്തേണ്ടതും മോദിക്ക് വെല്ലുവിളിയാണ്. തൊഴിൽ നിയമങ്ങൾ പോലെ നിക്ഷേപ സൗഹൃദ നയങ്ങൾ പലതും നടപ്പാക്കാൻ ഇനി മോദി സർക്കാരിന് നല്ലത് പോലെ വിയർക്കേണ്ടി വരും. സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കൽ മാത്രമല്ല ബി.ജെ.പിക്ക് വെല്ലുവിളിയായിട്ടുള്ളത്. കൂടുതൽ കരുത്തരും ഐക്യവുമുള്ള പ്രതിപക്ഷ സഖ്യം സർക്കാരിനെ മറിച്ചിടാൻ അവസരം കാത്തിരിക്കുകയാണെന്നത് കൂടിയാണ്. ഒന്നാം മോദി സർക്കാരിൻ്റെ കാലത്ത് വ്യവസായ ഇടനാഴികൾക്കും നഗരവത്കരണത്തിനും ഊർജ്ജ വിതരണ വികസനത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിബന്ധനകൾ ഇളവ് ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രതിപക്ഷത്ത് നിന്നുയർന്ന ശക്തമായ പ്രതിഷേധമാണ് അതിന് കാരണം. ഈ സാഹചര്യത്തിൽ കൂടുതൽ ശക്തരായ പ്രതിപക്ഷം കൂടുതൽ വെല്ലുവിളിയാണ്.
ഗോവധ നിരോധനം
രാജ്യത്ത് വീണ്ടും അധികാരത്തിലേറിയാൽ ഗോവധ നിരോധനം നടപ്പാക്കുമെന്നാണ് ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ പറഞ്ഞത്. കേന്ദ്രമന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കം നിരവധി നേതാക്കളാണ് ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിൽ പ്രചാരണത്തിൽ ഈ നിലപാട് ആവർത്തിച്ചത്. ബിഹാറിലെ മധുബനിയിലും സീതാമർഹിയിലും ഗോവധം നിരോധിക്കുമെന്നും പശുക്കടത്ത് അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞിരുന്നു. ബിഹാറിൽ പശുക്കളെ കൊല്ലുന്നതിന് വിലക്കുണ്ട്. എന്നാൽ 15 വർഷത്തിന് മേലെ പ്രായമുള്ള കാളകളെയും പോത്തിനെയും അറക്കുന്നതിന് അനുമതിയുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ. എന്നാൽ ക്രൂരമായ ആക്രമണം ഏത് നിമിഷവും നേരിടേണ്ടി വരുമെന്ന വെല്ലുവിളിയുമുണ്ട്.
പാക് അധീന കശ്മീരിനെ വീണ്ടെടുക്കൽ
പാക്കിസ്ഥാൻ്റെ അധീനതയിലുള്ള കശ്മീരിൻ്റെ ഭാഗം വീണ്ടെടുക്കുമെന്ന പ്രഖ്യാപനമാണ് മറ്റൊന്ന്. രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പാക് അധീന കശ്മീരിൽ വ്യാപക സംഘർഷം നടന്നിരുന്നു. നിരവധി പേർ ഇവിടെ പൊലീസ് അതിക്രമത്തിന് ഇരയായത് ജനരോഷം ആളിക്കത്തിക്കുകയും പൊലീസിന് പ്രത്യാക്രമണം നേരിടേണ്ടിയും വന്നു. പാക് അധീന കശ്മീരിലെ ജനം ഇന്ത്യയോട് ചേരാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.