Kerala

തോട്ടങ്ങളിലെ പരിശോധന; 75 ഇടങ്ങളിലായി 224 നിയമ ലംഘനങ്ങൾ കണ്ടെത്തി, ഏറ്റവും കൂടുതൽ ഇടുക്കിയിൽ

Spread the love

ഇടുക്കി: തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണവും ലയങ്ങളുടെ സുരക്ഷിതാവസ്ഥയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് സംസ്ഥാനത്ത് നടത്തിവരുന്ന പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി. ലയങ്ങളുടെ ശോച്യാവസ്ഥ ഉൾപ്പെടെ 224 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിനോടകം 75 തോട്ടങ്ങളിൽ പരിശോധന പൂർത്തിയാക്കിയതായി ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ലയങ്ങളുടെ ശോച്യാവസ്ഥ, ചികിത്സാസൗകര്യങ്ങളുടെ കുറവ്, മറ്റു തൊഴിൽ നിയമലംഘനങ്ങൾ എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. പുതുതായി വീഴ്ചകൾ കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് 15 ദിവസത്തിനകം പരിഹാരം കണ്ടെത്തുന്നതിന് നോട്ടീസ് നൽകി.

സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ലയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുന്നതിന് പ്ലാന്റേഷൻ ചീഫ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്ന് കമ്മിഷണർ നിർദേശിച്ചു. സംസ്ഥാനത്തെ വിവിധ പ്ലാന്റേഷൻ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. 25 പരിശോധനകളിലായി 54 നിയമലംഘനങ്ങളാണ് ഇടുക്കിയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 3 തോട്ടങ്ങളിലായി 4, കൊല്ലത്ത് 3 ഇടങ്ങളിൽ 30, പത്തനംതിട്ട 3 ഇടത്തായി 6, എറണാകുളത്ത് 10 തോട്ടങ്ങളിലായി 30, പാലക്കാട് 9 ഇടത്തായി 51, കോഴിക്കോട് 8 ഇടങ്ങളിൽ 39, വയനാട്ടിൽ 14 എസ്‌റ്റേറ്റുകളിലായി 10 നിയമ ലംഘനങ്ങൾ എന്നിങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളത്.

തോട്ടം തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും അവകാശ സംരക്ഷണങ്ങളും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങൾ, അംഗൻവാടികൾ, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റർ മറ്റു തൊഴിൽ നിയമ ലംഘനങ്ങൾ എന്നിവ പ്രധാന പരിഗണനയാക്കി പാന്റേഷൻ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ തൊഴിൽ വകുപ്പ് പരിശോധന നടത്തിവരികയാണ്. ഇതിനായി വകുപ്പ് പ്രത്യേകം മാർഗ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു. തുടർ പരിശോധനകൾ ഉറപ്പാക്കുമെന്നും നോട്ടീസ് കാലാവധി തീരുന്ന മുറയ്ക്ക് പ്രശ്‌നപരിഹാരത്തിൽ പിന്നോട്ട് നിൽക്കുന്ന തോട്ടമുടകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു