National

അയോധ്യ മേഖലയിൽ 9 ൽ 5 സീറ്റും വാരാണസി മേഖലയിൽ 12 ൽ 9 സീറ്റും ബിജെപി തോറ്റു; തോൽവിയുടെ കാരണം തേടി നേതൃത്വം

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ മേഖലയിലും വാരാണസി മേഖലയിലും ഭൂരിഭാഗം ലോക്സഭാ സീറ്റുകളിലും ബി.ജെ.പിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. രാമക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിലെ പരാജയവും വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട് വിഹിതം കുറഞ്ഞതും മാത്രമാണ് ഇതുവരെ പുറത്തുവന്നതെങ്കിൽ, തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ കൂടുതൽ വിശകലനം പുറത്തുവന്നപ്പോഴാണ് ബി.ജെ.പിക്ക് വലിയ തിരിച്ചടി ഈ മേഖലയിലുണ്ടായെന്ന് വ്യക്തമാകുന്നത്.

രാമക്ഷേത്ര പ്രതിഷ്ഠ നടന്ന അയോധ്യയും കാശി – വിശ്വനാഥ ക്ഷേത്ര ഇടനാഴിയും യുപിയിൽ ബി.ജെ.പിക്ക് വലിയ നേട്ടമാകുമെന്നാണ് കരുതിയത്. എന്നാൽ ഇതുണ്ടായില്ല. അയോധ്യ മേഖലയിൽ ഒൻപതിൽ അഞ്ച് ലോക്സഭാ സീറ്റിലും ബിജെപി തോറ്റു. 2019 ൽ ഏഴ് സീറ്റിലാണ് ഈ മേഖലയിൽ ബിജെപി ജയിച്ചത്. രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദിൽ ഇത്തവണ തോറ്റതാണ് ബി.ജെ.പിക്ക് വലിയ നാണക്കേടായത്. സമാജ്‌വാദി പാർട്ടിയുടെ അവദേഷ് പ്രസാദ് സിങാണ് മണ്ഡലത്തിൽ ജയിച്ചത്. 2014 ലും 2019 ലും ഫൈസാബാദിൽ ബി.ജെ.പിയാണ് വിജയിച്ചത്.

സുൽത്താൻപുറിൽ ആദ്യമായി മനേക ഗാന്ധി പരാജയപ്പെട്ടു. സമാജ്‌വാദി പാർട്ടിയുടെ രാം ബോൽ നിഷാദാണ് മേനകയെ പരാജയപ്പെടുത്തിയത്. രാം ബോൽ നിഷാദാകട്ടെ ഗോരഖ്‌പൂർ സ്വദേശിയാണ്, സുൽത്താൻപുറിൽ നിന്നുള്ളയാളല്ല. എന്നിട്ടും മനേക ഗാന്ധി തോറ്റു. ബി.ജെ.പിയുടെ സിറ്റിങ് എംപി ഹരീഷ് ദ്വിവേദിയെയും ഇന്ത്യ സഖ്യ സ്ഥാനാർത്ഥി ബസ്തി മണ്ഡലത്തിൽ പരാജയപ്പെടുത്തി.

അംബേദ്‌കർ നഗർ മണ്ഡലത്തിലും ശ്രവാസ്തി മണ്ഡലത്തിലും ബിജെപി പരാജയപ്പെട്ടു. 2019 ൽ രണ്ടിടത്തും ബി.ജെ.പിയാണ് ജയിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠ വിജയം കൊണ്ടുവരുമെന്ന് കരുതിയ ഇടത്താണ് തോൽവി. ശ്രവാസ്തിയിൽ മത്സരിച്ച് തോറ്റ ബിജെപി സ്ഥാനാർത്ഥി സാകേത് മിശ്ര, രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാനും നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമായ ന്രിപേന്ദ്ര മിശ്രയുടെ മകനാണ്. അയോധ്യ മേഖലയിൽ കൈസർഗഞ്ച്, ഗോണ്ട, ദൊമരിയഗഞ്ച്, ബറൈച് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്.

വാരാണസി മേഖലയിലാകട്ടെ ആകെ 12 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. വാരാണസി, ജോൻപുർ, മഛ്ലിഷഹർ, ഭദോഹി, ഛണ്ടോലി, മിർസാപുർ, റോബർട്‌സ്‌ഗഞ്ച്, ഗാസിപുർ ഗോസി, അസംഗഡ്, ലാൽഗഞ്ച്, ബല്ലിയ മണ്ഡലങ്ങളാണ് ഇവ. 2019 ൽ ഇവിടെ ഏഴ് സീറ്റുകളിലും ബിജെപി-അ‌പ്‌നാ ദൾ സോണിലാൽ സഖ്യം ഏഴിടത്ത് വിജയിച്ചിരുന്നു. ജോൻപുർ, ഗാസിപുർ, ഗോസി, അസംഗഡ്, ലാൽഗഞ്ച് മണ്ഡലങ്ങളിലായിരുന്നു തോൽവി. അസംഗഡിൽ അഖിലേഷ് യാദവായിരുന്നു അന്ന് സ്ഥാനാർത്ഥി. പിന്നീട് ഇദ്ദേഹം ലോക്സഭാംഗത്വം രാജിവച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ഈ മണ്ഡലവും ബിജെപി സ്ഥാനാർത്ഥി വിജയിച്ചിരുന്നു. ഇത്തവണ ഈ മേഖലയിൽ മൂന്നെണ്ണം മാത്രമാണ് ബിജെപി-അ‌പ്‌നാ ദൾ സോണിലാൽ സഖ്യം ജയിച്ചത്.

ജോൻപുർ, മഛ്ലിഷഹർ, ഛണ്ടോലി, റോബർട്‌സ്‌ഗഞ്ച്, ഗാസിപുർ, ഗോസി, അസംഗഡ്, ലാൽഗഞ്ച്, ബല്ലിയ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. ഛണ്ടോലിയിൽ കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ പരാജയപ്പെട്ടു. 2014 ലും 2019 ലും ബിജെപി ജയിച്ച മണ്ഡലങ്ങളായിരുന്നു ബല്ലിയ, റോബർട്‌സ്‌ഗഞ്ച് എന്നിവ. ഇത്തവണ എസ്‌പി സ്ഥാനാർത്ഥികളായ ഛോട്ടേലാലും സനാതൻ പാണ്ഡെയും ഈ രണ്ട് സീറ്റിലും ജയിച്ചു. ഈ മേഖലയിലെ ആകെയുള്ള വലിയ ജയം വാരാണസിയിൽ പ്രധാനമന്ത്രിയുടേതാണ്. അവിടെയും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.

മിർസപുർ കേന്ദ്രമന്ത്രിയും അപ്‌നാ ദൾ നേതാവുമായ അനുപ്രിയ പട്ടേൽ മൂന്നാം വട്ടവും വിജയിച്ചു. ഭദോഹിയിൽ ബി.ജെ.പിയുടെ വിനോദ് കുമാർ ബിന്ദ് തൃണമൂൽ സ്ഥാനാർത്ഥി ലലിതേഷ് പടി ത്രിപദിയെ 44072 വോട്ടുകൾക്ക് പരാജയപ്പെടുത്തി. യു.പിയിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി കമ്‌ലാപതി ത്രിപദിയുടെ ചെറുമകനായ ലലിതേഷ് പടി ത്രിപദി 2021 ലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

ബി.ജെ.പിക്ക് മേഖലയിലാകെ നേരിട്ട വലിയ തിരിച്ചടി പാർട്ടി സംവിധാനങ്ങളെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വാരാണസിയിലെ വോട്ട് കുറവും അയോധ്യ ക്ഷേത്രമുള്ള ഫൈസാബാദിലെ തോൽവിയും ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം യോഗി ആദിത്യനാഥിന് വലിയ സ്വാധീനമുള്ള ഗോരഖ്‌പുർ മേഖലയിലെ എട്ടിൽ ഏഴ് സീറ്റിലും ബിജെപി ജയിച്ചു. ഒരിടത്ത് മാത്രമാണ് ഇവിടെ അവർ പരാജയപ്പെട്ടത്.