Kerala

അനധികൃതമായി ജോലിയിൽ നിന്ന് വിട്ട് നിൽക്കുന്നത് ഡോക്ടർമാർ അടക്കം 2000-ത്തോളം പേർ; കർശന നടപടിയെന്ന് മന്ത്രി

Spread the love

തിരുവനന്തപുരം: രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവര്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫര്‍ ചെയ്യരുത്. ആശുപത്രികളുടെ പ്രവര്‍ത്തന സമയം ഉറപ്പാക്കണം. ആശുപത്രികള്‍ പൂട്ടിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവനക്കാര്‍ അനധികൃതമായി ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ പാടില്ല. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 2000ത്തോളം ജീവനക്കാരാണ് സര്‍വീസില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. ഇത് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളേയും ചികിത്സയേയും ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ തന്നെ അനധികൃതമായി വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആശുപത്രികളുടെ ഗുണനിലവാരം ഉയര്‍ത്തി രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കുകയാണ് സര്‍ക്കാര്‍ നയം. ആര്‍ദ്രം മിഷനിലൂടെ ചികിത്സാ സൗകര്യങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചു.

പൊതുജനാരോഗ്യ നിയമം കൃത്യമായി നടപ്പിലാക്കണം. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പൊതുജനാരോഗ്യ നിയമത്തില്‍ പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യ നിയമ പ്രകാരം സമിതികള്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണം. എല്ലാ ആശുപത്രികളിലും സേഫ്റ്റി ഓഡിറ്റ് നടത്തിയിരുന്നു. അതനുസരിച്ച് സുരക്ഷാ ക്രമീകരണം ഉറപ്പാക്കണം. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറസ് പ്രകാരം ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഇത്തരം യോഗങ്ങള്‍ ചേരണം.

ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടരുത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും സംസ്ഥാനത്ത് ഡയാലിസിസ് സംവിധാനം ശക്തിപ്പെടുത്തും. സ്ഥലമില്ലാത്ത ആശുപത്രികളില്‍ മൊബൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കും. ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം ലേബര്‍ റൂമുകള്‍ സജ്ജമാക്കി വരുന്നു. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോകോള്‍ പാലിക്കണം.

ഡോക്ടര്‍മാര്‍ ചെയ്യുന്ന സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ഈ കാലയളവില്‍ ആരോഗ്യ മേഖല ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടു. കൊവിഡ്, സിക, മങ്കിപോക്‌സ്, നിപ തുടങ്ങിയ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനായി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വലിയ പ്രാധാന്യമാണ് നല്‍കി വരുന്നത്. ആരോഗ്യ വകുപ്പ് എന്നത് വ്യക്തിയല്ല. അത് ഒരു ചങ്ങല പോലെയാണ്. അതിനാല്‍ തന്നെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന എന്നിവര്‍ പങ്കെടുത്തു.