പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ ഗാന്ധി; പ്രവര്‍ത്തകസമിതി യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനത്തോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കെത്തും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിനും, ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെ നിലപാടിനോടും രാഹുല്‍ ഗാന്ധി വഴങ്ങും. നാളത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ ആകും അന്തിമ തീരുമാനം സ്വീകരിക്കുക.
മോദി സര്‍ക്കാരിനെതിരായ ശക്തമായ നിലപാടും രാഹുലിന്റെ ഭാരത് ജോഡോ യാത്രയും പാര്‍ട്ടിയുടെ മടങ്ങിവരവിന് വഴിയൊരുക്കി എന്നാണ് കോണ്‍ഗ്രസിന്റെ മാത്രമല്ല ഇന്ത്യ സഖ്യത്തിന്റെയും വിലയിരുത്തല്‍. 52 ല്‍ നിന്ന് 99 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് എത്തിയതോടെ പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ പേരിനാണ് മുന്‍തൂക്കം. 2019 ല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ ഗാന്ധി ഇക്കുറി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയേക്കും.
ഘടകകക്ഷികളെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ രാഹുലിന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയാറാണെങ്കില്‍ ആരാണ് എതിര്‍ക്കുകയെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് ചോദിച്ചു. സഖ്യത്തില്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.
Read Also: രാഹുല്‍ ഗാന്ധിയുടെ ദേശീയ ജാതി സെന്‍സസ് ആവശ്യം ഉപാധിയായി വെച്ച് ജെ ഡി യു
ഒരു പാര്‍ട്ടിക്കും 10% സീറ്റുകള്‍ നേടാനാകാത്തതിനാല്‍ 2014 മുതല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് പദം ഒഴിഞ്ഞുകിടക്കുകയാണ്. പദവി ഏറ്റെടുക്കാന്‍ രാഹുല്‍ വിസമ്മതിച്ചാല്‍ മാത്രമേ മറ്റ് പേരുകളിലേക്ക് ചര്‍ച്ച നീങ്ങുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി സമ്മര്‍ദ്ദത്തിന് വഴങ്ങാനാണ് സാധ്യത.