കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താകുമെന്ന് മുന്‍പേ പറഞ്ഞിരുന്നു, ഇനി അദ്ദേഹം ജയിക്കണമെങ്കില്‍ ബിജെപിയ്‌ക്കൊപ്പം വരണം: കെ സുരേന്ദ്രന്‍
എല്‍ഡിഎഫ് മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിയത് യുഡിഎഫിന് ഗുണം ചെയ്തതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്തെ 540 മണ്ഡലങ്ങളിലും നടക്കാത്ത രീതിയിലുള്ള പച്ചയായ വര്‍ഗീയ പ്രചാരണം വടകരയില്‍ നടന്നുവെന്നും അതാണ് ഷാഫി പറമ്പിലിന് ഗുണം ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശശി തരൂരും വര്‍ഗീയ പ്രചാരണം നടത്തിയിട്ടുണ്ട്. വര്‍ഗീയതയുടെ പഴി മുഴുവന്‍ മോദിയ്ക്കും അത് നടപ്പിലാക്കുന്നതൊക്കെ രാഹുല്‍ ഗാന്ധിയും തരൂരുമൊക്കെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരിലെ താമര ഇനി കരിയാന്‍ പോകുന്നില്ലെന്നും തൃശൂരില്‍ സുരക്ഷിതമായ വോട്ട് ശതമാനം ബിജെപിയ്ക്ക് ഉണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോറിന്റെ അഭിമുഖ പരിപാടിയായ ആന്‍സര്‍ പ്ലീസിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുരേഷ് ഗോപിയ്ക്ക് ലഭിച്ചത് ആ വ്യക്തിയ്ക്കുള്ള വോട്ടാണോ പാര്‍ട്ടിയ്ക്കുള്ള വോട്ടാണോ എന്ന ചോദ്യത്തിന് പാര്‍ട്ടിയ്ക്ക് ലഭിച്ചതും സുരേഷ് ഗോപിയ്ക്ക് ലഭിച്ചതുമായ വോട്ടുകളാണെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. സുരേഷ് ഗോപിയ്ക്ക് നല്ലൊരു പ്രാതിനിധ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂരില്‍ സ്ത്രീകളുടെയും യുവാക്കളുടെയും വോട്ട് ലഭിച്ചു. ക്രൈസ്തവ സമൂഹം സുരേഷ് ഗോപിക്ക് എതിരായില്ല. തൃശൂര്‍ , തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ വോട്ട് ശതമാനത്തില്‍ ചെറിയ ഏറ്റകുറച്ചിലുകള്‍ ഉണ്ടായി. രാജീവ് ചന്ദ്രശേഖര്‍ നേരത്തെ എത്തിരുന്നെങ്കില്‍ തിരുവനന്തപുരത്ത് സാഹചര്യം മറ്റൊന്ന് ആകുമായിരുന്നു. തോല്‍വി നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ബിജെപി ബൂത്തുതലം മുല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അദ്ദേഹം വിലയിരുത്തി.
തൃശൂരിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെ മുരളീധരന്‍ നടത്തിയ പ്രതികരണങ്ങളെക്കുറിച്ചും കെ സുരേന്ദ്രന്‍ അഭിമുഖത്തിനിടെ പരാമര്‍ശിച്ചു. കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താകുമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പറഞ്ഞിരുന്നതാണ്. ഇനി ഒരു തെരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിക്കണമെങ്കില്‍ ബിജെപിയ്‌ക്കൊപ്പം വരണം. എന്‍ഡിഎ കൂടുതല്‍ വിപുലീകരിക്കും. അപ്പോള്‍ ലീഗ് എന്‍ഡിഎയിലെത്തുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയമല്ലേ ഇപ്പോള്‍ അതില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.