National

രാഷ്ട്രീയത്തില്‍ മാത്രമല്ല ഓഹരി വിപണിയിലും നേട്ടം കൊയ്ത് ചന്ദ്രബാബു നായിഡു;ഭാര്യയുടെ ആസ്തിയില്‍ 584 കോടി രൂപയുടെ വര്‍ധന

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയത്തിനൊപ്പം ഓഹരി വിപണിയിലും വന്‍ നേട്ടമുണ്ടാക്കി ചന്ദ്രബാബു നായിഡു. ടിഡിപിക്കും ചന്ദ്രബാബു നായിഡുവിനും ബന്ധമുള്ള ഓഹരികള്‍ മൂന്ന് ദിവസം കൊണ്ട് 33 ശതമാനം വരെയാണ് ഉയര്‍ന്നത്. 584 കോടി രൂപയുടെ വര്‍ദ്ധനയാണ് നായിഡുവിന്റെ ഭാര്യയുടെ ആസ്തിയില്‍ ഉണ്ടായത്

എക്‌സിറ്റ്‌പോള്‍ ഉണ്ടാക്കിയ വന്‍ കുതിപ്പും ശരിക്കുള്ള ജനവിധിക്ക് പിന്നാലെയുള്ള വന്‍ വീഴ്ചയും കഴിഞ്ഞ് ഓഹരി വിപണി ഉയിര്‍ത്തെഴുന്നേറ്റു. ഓഹരി സൂചികകള്‍ ഇന്ന് റെക്കോര്‍ഡ് ഉയരം കുറിച്ചു. ദില്ലിയിലെ ചര്‍ച്ചകള്‍ നേരിട്ട് ചില ഓഹരികള്‍ക്ക് വന്‍ കുതിപ്പേകുന്ന കാഴ്ച കൂടിയുണ്ട്. ടിഡിപിയുമായി ബന്ധമുള്ള അമരരാജ എനര്‍ജി, ഹെറിറ്റേജ് ഫുഡ്‌സ് എന്നിവയുടെ ഓഹരികളാണ് വലിയ മുന്നേറ്റം നടത്തുന്നത്. ഹെറിറ്റേജ് ഫുഡ്‌സിസിന്റെ ഓഹരി വില 402 രൂപയില്‍ നിന്ന് 662 രൂപയിലേക്കാണ് അഞ്ച് ദിനം കൊണ്ട് കുതിച്ചത്.

ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാരാ ലോകേഷാണ് ഹെറിറ്റേജ് ഫുഡ്‌സിന്റെ പ്രമോട്ടര്‍. നായിഡുവിന്റെ ഭാര്യ നാരാ ഭുവനേശ്വരിയുടെ പക്കലാണ് കമ്പനിയുടെ 24 ശതമാനം ഓഹരികളും. ഓഹരി വിലയിലെ കുതിപ്പ് കാരണം അഞ്ച് ദിനം കൊണ്ട് 584 കോടി രൂപയാണ് ഭുവനേശ്വരിയുടെ ആസ്തിയിലുണ്ടായ വര്‍ധന. 1992ല്‍ നായിഡുവാണ് ഹെറിറ്റേജ് ഗ്രൂപ്പ് ആരംഭിക്കുന്നത്.

പാര്‍ട്ടിയുടെ മുന്‍ എംപിയാണ് അമരരാജ എനര്‍ജി മാനേജിങ് ഡയറക്ടര്‍ ജയ്‌ദേവ് ഗല്ല . ടിഡിപിയുമായി ബന്ധമുള്ള കെസിപി ലിമിറ്റഡ് ഓഹരിയുടെ വിലയിലും 18 ശതമാനത്തിലേറെ വര്‍ധനയുണ്ടായി. മൂന്നാം മോദി സര്‍ക്കാരില്‍ ടിഡിപിക്കു നിര്‍ണായക സ്ഥാനങ്ങള്‍ ലഭിക്കുന്നത് കമ്പനികള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍ ഈ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത്.