Kerala

ജനങ്ങളാണ് അവസാനവാക്ക്, തോൽവി പരിശോധിക്കും’; സർക്കാർ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുമെന്ന് എം വി ഗോവിന്ദന്‍

Spread the love

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിക്കുണ്ടായ തോൽവി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തോൽവി അംഗീകരിക്കുന്നുവെന്നും പരിശോധിച്ച് പാർട്ടി മുന്നോട്ടേക്ക് പോകുമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഭരണവിരുദ്ധ വികാരം മാത്രമല്ല തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരിൽ ഒരുലക്ഷത്തോളം വോട്ട് കോൺഗ്രസിന് കുറഞ്ഞു. അത്രയും വോട്ട് ബിജെപിക്ക് അധികമായി ലഭിച്ചു. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. ഞങ്ങൾ അത് അംഗീകരിക്കുന്നു. സർക്കാർ തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം, പ്രചരണം അടക്കമുള്ള എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിലെ തോൽവി വിശദമായി പരിശോധിക്കുമെന്ന് എ വിജയരാഘവനും പ്രതികരിച്ചു. കേരളത്തിൽ പൊതുവേ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് അനുകൂലമല്ലെന്ന് പറഞ്ഞ എ വിജയരാഘവന്‍, തൃശ്ശൂരിൽ കോൺഗ്രസ് വോട്ട് എവിടേക്കാണ് പോയത് എന്ന് പരിശോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.