National

യുപിയില്‍ 80 സീറ്റില്‍ മത്സരിച്ചിട്ട് 80ലും തോറ്റ് ബിഎസ്പി; മുസ്ലീം സമുദായത്തില്‍ നിന്ന് മതിയായ പിന്തുണ കിട്ടിയില്ലെന്ന് മായാവതി

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയ്ക്ക് മുസ്ലീം സമുദായത്തില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയ്ക്ക് കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പില്‍ മുസ്ലീം വിഭാഗത്തിലുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടും ബിഎസ്പിയെ വേണ്ടവിധത്തില്‍ മനസിലാക്കാന്‍ മുസ്ലീം സമുദായത്തിന് സാധിച്ചില്ലെന്നാണ് മായാവതിയുടെ വിമര്‍ശനം. രാജ്യത്തുടനീളം 424 സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളിലും മത്സരിച്ച ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനായില്ല. 35 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. കടുത്ത പരാജയത്തിന് പിന്നാലെയായിരുന്നു മായാവതിയുടെ പ്രതികരണം

കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി കടുത്ത പരാജയമാണ് മായാവതിയുടെ പാര്‍ട്ടി നേരിടുന്നത്. എങ്കിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് പത്ത് സീറ്റുകളുണ്ടായിരുന്നു. ഇപ്പോഴത് പൂജ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി കൂടി കണക്കിലെടുത്ത് വളരെ ആലോചിച്ച് മാത്രമേ ഇനി വരും നാളുകളില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്ന അവസരങ്ങളെക്കുറിച്ച് തീരുമാനമെടുക്കൂ എന്നും മായാവതി ഇന്ന് പറഞ്ഞു.

ഭൂരിപക്ഷം ദളിതരും, പ്രത്യേകിച്ച് യാദവ് സമുദായം ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ലോക്‌സഭാ ഫലങ്ങളെ പാര്‍ട്ടി എല്ലാ തലത്തിലും വിശകലനം ചെയ്യുമെന്നും ബഹുജന്‍ പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു.