National

അരവിന്ദ് കെജ്‌രിവാൾ ജയിലിൽ തുടരും; ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി

Spread the love

മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യപ്രശനങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയിലാണ് കോടതി വിധി. കെജ്‌രിവാളിനെ ജൂൺ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് സ്പെഷ്യൽ ജഡ്ജി കാവേരി ബവേജ ഉത്തരവിറക്കി. ഡൽഹി റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നിലവിൽ തിഹാർ ജയിലിലാണ് അരവിന്ദ് കെജ്‌രിവാൾ.

സുപ്രീം കോടതി കെജ്‌രിവാളിന് ജൂൺ രണ്ടുവരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച കെജ്‌രിവാൾ ജയിലേക്ക് മടങ്ങിയിരുന്നു. ഇതിനെത്തുടർന്നാണ് ഇടക്കാല ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടണമെന്ന അപേക്ഷ സമർപ്പിച്ചത്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. ഹർജി തള്ളിയ കോടതി ബന്ധപ്പെട്ട അധികാരികളോട് കെജ്‌രിവാളിന് ആവശ്യമായ മെഡിക്കൽ പരിശോധനകൾ നടത്താനും നിർദേശം നൽകി.