ജനാധിപത്യo സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; വോട്ടർമാരോട് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വിധിയെഴുത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ്. ഇന്ത്യൻ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യാ മുന്നണി 230 സീറ്റിലധികം മുന്നേറിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നാളെ ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ഇത് സംബന്ധിച്ച് ഒരു തീരുമാനവും നിലവിൽ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിലേത് ജനങ്ങളുടെ വിജയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജനവിധി മോദിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോൺഗ്രസ് വിജയിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.രാഹുൽ ഗാന്ധിയുടെ യാത്രകൾ കോൺഗ്രസിന് ഊർജം നൽകി. ഒരുമിച്ച് പ്രവർത്തിച്ച ഇൻഡ്യ മുന്നണി നേതാക്കൾക്ക് നന്ദിയെന്നും ഖാർഗെ വ്യക്തമാക്കി.