സി.പി.ഐ.എമ്മിൻ്റെ കരുത്തയായ വനിത; അടവുകൾ പലതും പയറ്റിയിട്ടും വടകരയിൽ അടിതെറ്റി എൽ.ഡി.എഫ്
അടവുകൾ പലത് പയറ്റിയെങ്കിലും വടകരയിൽ അടിതെറ്റി എൽ.ഡി.എഫ്. ടി.പി വധത്തിന് ശേഷം സി പി.ഐമ്മിന് ബാലികേറാമലയാണ് വടകരയെന്ന് ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നു ഷാഫി പറമ്പിലിൻ്റെ ജയം.സി.പി.ഐഎമ്മിൻ്റെ കരുത്തയായ വനിതയെ ഒരു ലക്ഷത്തിലധികം വോട്ടിനാണ് തോൽപ്പിച്ചത്.
ടി.പി ചന്ദ്രശേഖരൻ്റെ സ്മൃതികുടീരത്തിൽ നിന്ന് ആരംഭിച്ച പ്രചാരണം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. കൊവിഡ് അഴിമതി ആരോപണവും അക്രമരാഷ്ട്രീയവും ചർച്ച ചെയ്ത് തുടങ്ങിയ പ്രചാരണം ,വിഷയങ്ങൾ മാറി ഇന്നോളം കേരളം കണാത്ത വിധം ഇടത്-വലത് വാക്പോരിനും വേദിയായി.
വ്യക്തിഹത്യ ,വർഗീയത ,ബോംബ് രാഷ്ട്രീയം, കാഫിർ സ്ക്രീൻ ഷോട്ട് തുടങ്ങി കേരളം തെരഞ്ഞെടുപ്പിന് ശേഷവും ചർച്ച ചെയ്ത വിഷയങ്ങൾ നിരവധിയായിരുന്നു വടകര മണ്ഡലത്തിൽ. ആരോപണ പ്രത്യാരോപണങ്ങൾ പരിധി വിട്ടു. ഇടത് ഇറക്കിയ പല അടവുകളും ഫലം കാണാതെ പോയി.കേസായി വിഷയം കോടതി കയറി. സ്വീകരണ കേന്ദ്രങ്ങളെ ആൾക്കൂട്ടമായി മാറ്റിയ യു.ഡി എഫിൻ്റെ തന്ത്രം വിജയിച്ചു. ഇടതിൻ്റെ ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പടെ വിജയം. ടി പി ചന്ദ്രശേഖരൻ വധത്തിന് ശേഷം ഇടതിൻ്റെ തുടർച്ചയായ നാലാമത്തെ പരാജയമാണിത്.
വടകരയിലെ ജനങ്ങളുടെ മതേതര ബോധത്തിൻ്റെ തെളിവാണ് തൻ്റെ വിജയമെന്നായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രതികരണം.കേരളത്തിലെ മുഴുവൻ ട്രെൻഡ് വടകരയിലും പ്രതിഫലിച്ചെന്നായിരുന്നു കെ.കെ ശൈലജയുടെ പ്രതികരണം.
മണ്ഡലം പിടിച്ചെടുക്കാൻ കേന്ദ്ര കമ്മിറ്റി അംഗവും സി.പി.ഐഎമ്മിലെ കരുത്തയായ വനിതയുമായ കെ.കെ ശൈലജയെ ഇറക്കിയിട്ടും വലിയ തോൽവി നേരിടേണ്ടി വന്നത് വരും ദിവസങ്ങളിൽ സി.പിഐ.എമ്മിൽ കൂടുതൽ ചർച്ചയാകും.