മെക്സിക്കോയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ക്ലൗദിയ ഷെയ്ൻബാം, ആദ്യ വനിതാ പ്രസിഡന്റ്
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരിത്രമെഴുതി ക്ലൗദിയ ഷെയ്ൻബാം പാർദോ. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയായ മൊറേന നേതാവാണ് ക്ലൗദിയ ഷെയ്ൻബാം പാർദോ. യാഥാസ്ഥിതിക നിലപാടുകൾ പിന്തുടരുന്ന പാൻ പാർട്ടിയിലെ ബെർത്ത സോചിറ്റിൽ ഗാൽവെസ് റൂയിസിനെ അറുപത് ശതമാനത്തോളം വോട്ടുകൾ നേടിയാണ് ക്ലൗദിയ ഷെയ്ൻബാം പാർദോ പരാജയപ്പെടുത്തിയത്. മെക്സിക്കോയുടെ ജനാധിപത്യ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ക്ലൗദിയ ഷെയ്ൻബാം പാർദോയ്ക്ക് ലഭിച്ചിട്ടുള്ളത്.
അധികാരം കയ്യാളാൻ ശ്രമിക്കുന്ന ക്രിമിനൽ സംഘങ്ങളിലുള്ളവരുടെ അതിക്രമങ്ങളുടെ പേരിൽ ഏറെ കുപ്രസിദ്ധമാണ് മെക്സിക്കോയിലെ തെരഞ്ഞെടുപ്പുകൾ. നിരവധി രാഷ്ട്രീയ നേതാക്കളും സ്ഥാനാർത്ഥികളും ക്രിമിനൽ സംഘങ്ങളുടെ അക്രമത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തെ ലഹരി കാർട്ടൽ അട്ടിമറിക്കുമോയെന്ന സംശയം വരെ മെക്സിക്കോയിൽ നിലനിന്നിരുന്നു. ഇതിനോടകം 38 സ്ഥാനാർത്ഥികളാണ് മെക്സിക്കോയിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പ്രതിപക്ഷത്തുള്ള നിരവധി പാർട്ടികളുടെ സഖ്യത്തെ പ്രതിനിധാനം ചെയ്തായിരുന്നു ബെർത്ത സോചിറ്റിൽ ഗാൽവെസ് റൂയിസ് മത്സരിച്ചത്. പശ്ചിമ മെക്സിക്കോയിൽ ജൂൺ 1ന് പ്രാദേശിക മത്സരാർത്ഥി വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു. 100 ദശലക്ഷം മെക്സിക്കോ പൌരന്മാരാണ് ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അർഹത നേടിയിരുന്നത്. കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയാണ് ക്ലൗദിയ ഷെയ്ൻബാം പാർദോ. 1968ഷ ജൂത കുടുംബത്തിലാണ് ക്ലൗദിയ ഷെയ്ൻബാം പാർദോ ജനിച്ചത്. കെമിക്കൽ എൻജിനിയറായ പിതാവിൽ നിന്നും സെല്ലുലാർ ബയോളജിസ്റ്റുമായ മാതാവിൽ നിന്നുമുള്ള പ്രചോദനത്തിലാണ് പരിസ്ഥിതി ഗവേഷണത്തിലേക്ക് ക്ലൗദിയ ഷെയ്ൻബാം പാർദോ ചുവട് വച്ചത്.
2000ത്തിലാണ് രാഷ്ട്രീയ രംഗത്തേക്ക് ക്ലൗദിയ ഷെയ്ൻബാം പാർദോ എത്തുന്നത്. മെക്സിക്കോ മേയറായ ഒബ്രഡോർ എത്തിയതിന് പിന്നാലെയായിരുന്നു ഇത്. 2006ൽ ഒബ്രഡോറിന്റെ പ്രഥമ പ്രസിഡന്റ് പ്രചാരണത്തിന്റെ മുഖ്യ വക്താവായിരുന്നു ക്ലൗദിയ ഷെയ്ൻബാം പാർദോ. 2015ൽ ക്ലൗദിയ ഷെയ്ൻബാം പാർദോ ത്ലാപാൻ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടത്. 2018ഷ മെക്സിക്കോ നഗരത്തിന്റെ ആദ്യ മേയറായി അവർ തെരഞ്ഞെടുക്കപ്പെട്ടു.