ദക്ഷിണേന്ത്യയിൽ എൻഡിഎയുടെ ആശ്വാസ തീരമായി കർണാടക
2019-ലെ പോലെ സർവ്വാധിപത്യം ഇല്ലെങ്കിലും ദക്ഷിണേന്ത്യയിലെ എൻഡിഎയുടെ ആശ്വാസ തീരം കർണാടക തന്നെയാണ്. ബിജെപി-ജെഡിഎസ് സഖ്യം കന്നഡ മണ്ണിൽ 19 സീറ്റുകൾ നേടി. ഒന്നിൽ നിന്ന് ഒമ്പതായി സീറ്റുകൾ ഉയർത്താൻ കഴിഞ്ഞുവെന്ന് അവകാശപ്പെടാമെങ്കിലും ഡി.കെ ശിവകുമാറിന്റെ തട്ടകമായ ബെംഗളൂരു റൂറലിൽ സഹോദരൻ ഡി.കെ സുരേഷ് തോറ്റത് കോൺഗ്രസിന് തിരിച്ചടിയായി
കന്നഡ മണ്ണിൽ ബിജെപി തരംഗം ആവർത്തിക്കുമെന്ന എക്സിറ്റ്പോൾ പ്രവചനങ്ങൾ തെറ്റി. 2019ൽ ഒറ്റക്ക് മത്സരിച്ച് നേടിയ 25 സീറ്റിൽ നിന്ന് ബിജെപിയുടെ നില 17 ആയി കുറഞ്ഞു. ജെഡിഎസ് ജയിച്ച മാണ്ഡ്യയും കോലാറും കൂടി ചേർന്നാൽ എൻഡിഎ പട്ടിക 19. ബിജെപി ശക്തി കേന്ദ്രമായ വടക്കൻ കർണാടകയിലാണ് കനത്ത തിരിച്ചടി നേരിട്ടത്. പ്രജ്വൽ രേവണ്ണ വിവാദം കർണാടക രാഷ്ട്രീയത്തിൽ ആഞ്ഞുവീശിയതിന് ശേഷം വോട്ടെടുപ്പ് നടന്ന 14 മണ്ഡലങ്ങളിൽ ഏഴിലും ബിജെപി പരാജയപ്പെട്ടു. 2019ൽ ബിജെപി തൂത്തുവാരിയ മണ്ഡലങ്ങളാണിവ.
ദേവഗൗഡയുടെ സ്വന്തം തട്ടകമായ ഹാസനിൽ പ്രജ്വൽ രേവണ്ണയുടെ തോൽവി നാൽപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ്. അതേസമയം ജെഡിഎസ് സഖ്യത്തിലൂടെ പാളയത്തിലെത്തിയ വൊക്കലിഗ വോട്ട് ബാങ്ക് എൻഡിഎക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. സീറ്റുകൾ കൂടുതൽ നേടി സേഫ് ലാൻഡ് ചെയ്തെങ്കിലും കോൺഗ്രസിനും അമിതമായി ആഹ്ലാദിക്കാൻ വകയില്ല. സംസ്ഥാന നേതൃത്വത്തിന്റെ അമിത പ്രതീക്ഷയും, കണക്കുകൂട്ടലും ശരിവയ്ക്കുന്നതല്ല തെരഞ്ഞെടുപ്പ് ഫലം. സ്വന്തം തട്ടകമായ ബംഗളൂരു റൂറൽ മണ്ഡലത്തിലെ തോൽവി ഡി.കെ ശിവകുമാറിനേറ്റ തിരിച്ചടിയാണ്. ഒപ്പം കോൺഗ്രസ് രണ്ടക്കത്തിൽ എത്താത്തതോടെ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചുവെന്ന രാഷ്ട്രീയ ആരോപണവും ഉയർന്നിട്ടുണ്ട്.