അമേഠിയിൽ സ്മൃതി ഇറാനി നിലംപതിച്ചു; കിഷോരി ലാൽ മാജിക്
ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വമ്പന്മാർക്ക് പലർക്കും അടിപതറി. ഇതിൽ ഏറ്റവും പ്രധാന നേതാക്കളിൽ ഒന്നാണ് സ്മൃതി ഇറാനി. 2019ൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇത്തവണയും കളം പിടിക്കാൻ ഇറങ്ങിയ സ്മൃതി ഇറാനിക്ക് അടിപതറി. രാഹുലിന്റെ പകരക്കാരനായെത്തിയ കിഷോരി ലാൽ ആണ് സ്മൃതിക്ക് കടുത്ത വെല്ലുവിളി ഉയർത്തിയത്.
ദുർബല സ്ഥാനാർത്ഥി എന്ന എതിരാളികളുടെ കണക്കുക്കൂട്ടലുകളാണ് തെറ്റിയത്. മെയ് 20 ന് നടന്ന അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ 54.40% പോളിങ്ങണ് അമേഠിയിൽ രേഖപ്പെടുത്തിയത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും അഭിമാനകരമായ പോരാട്ടങ്ങളിലൊന്നായ ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ ലെഫ്റ്റനൻ്റ് കിഷോരി ലാൽ ശർമ്മയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സീറ്റ് നിലനിർത്താൻ സ്മൃതി ഇറാനിക്ക് സാധ്യമായില്ല.
2019ൽ 55,000ൽ അധികം വോട്ടുകൾക്കാണ് രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. എന്നാൽ 2019ലെ പോലെ കാര്യങ്ങൾ എളുപ്പമായിരുന്നില്ല 2024. ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് കിഷോരി ലാൽ മുന്നിട്ടു നിൽക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തിനിടെ ഗാന്ധി കുടുംബത്തിൽ നിന്ന് അല്ലാത്ത ഒരാൾ അമേഠി ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത് ആദ്യമായാണ്.