Kerala

തായ്‍ലൻഡിലെ സൈബർ തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ താനൂർ സ്വദേശിയും; മോചനത്തിന് പണം ആവശ്യപ്പെട്ടു

Spread the love

കോഴിക്കോട്: മ്യാന്‍മാറില്‍ സായുധ സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ തടവില്‍ താനൂര്‍ തെയ്യാമല സ്വദേശി സൽമാൻ ഫാരിസുമെന്ന് വിവരം. കണ്ണൂര്‍ സ്വദേശിയാണ് സല്‍മാന് തായ്ലന്‍റിലേക്കുള്ള വിസയുള്‍പ്പെടെ നല്‍കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. തടവില്‍ നിന്നും മോചിപ്പിക്കാന്‍ എട്ടു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ജോലി തേടി തായ്ലാൻഡിൽ എത്തി അവിടെ നിന്നും മ്യാൻമാറിലെ ഒളിസങ്കേതങ്ങളിൽ സൈബർ കുറ്റകൃത്യങ്ങളടക്കം നടക്കുന്ന സ്ഥലങ്ങളിൽ ബന്ദികളാക്കപ്പെട്ട നിരവധി പേരെക്കുറിച്ചുളള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

സുഹൃത്താണ് വിസ അയച്ചു കൊടുത്തതെന്നും അവിടെ എത്തിയതിന് ശേഷമാണ് താൻ ചതിക്കപ്പെട്ട അവസ്ഥയിലാണെന്നും സൽമാൻ വിളിച്ചറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. കമ്പനി ജോലിയാണ് എന്ന് പറഞ്ഞാണ് പോയത്. നാട്ടിലേക്ക് വരണമെങ്കിൽ എട്ട് ലക്ഷം രൂപ നൽകണം. താൻ മാത്രമല്ല മറ്റ് മലയാളികളും ഉണ്ടെന്നും സൽമാൻ പറഞ്ഞതായി ബന്ധുക്കൾ വെളിപ്പെടുത്തി. പെട്ടെന്നൊരു ദിവസം വിളിച്ച് വിസ റെഡിയായെന്നും പെട്ടെന്ന് വരണമെന്നുമാണ് ആവശ്യപ്പെട്ടത്.