Kerala

എയർ ഹോസ്റ്റസുമാർക്ക് 50,000 രൂപ; വിദേശ കറൻസിയും കടത്തി; പ്രതിഫലം 2 ലക്ഷം രൂപ; സുഹൈലിന്റെ മൊഴി

Spread the love

എയർ ഹോസ്റ്റസുമാർ വഴി സ്വർണം കടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓരോ തവണയും രണ്ട് ലക്ഷം രൂപ വീതം പ്രതിഫലമായി ലഭിക്കുമെന്ന് പിടിയിലായ ക്യാബിൻ ക്രൂ അംഗം സുഹൈൽ മൊഴി നൽകി. എയർ ഹോസ്റ്റസുമാർക്ക് അമ്പതിനായിരം രൂപയും ലഭിക്കുമെന്ന് സുഹൈലിന്റെ മൊഴിയിൽ പറയുന്നു. സ്വർണത്തിന് പുറമേ വിദേശ കറൻസിയും കടത്തിയതായി സുഹൈൽ.

വിദേശത്ത് നിന്ന് യാത്രക്കാർ കടത്തുന്ന സ്വർണമാണ് എയർ ഹോസ്റ്റസുമാർ പുറത്തെത്തിക്കുക. വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാർ സ്വർണം ഉപേക്ഷിക്കുമെന്ന് സുഹൈൽ പറയുന്നു. എയർ ഹോസ്റ്റസുമാരുടെ വീട്ടിലെത്തിയാണ് സുഹൈൽ സ്വർണം ശേഖരിച്ചിരുന്നത്. എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ അറസ്റ്റിലായതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്.

പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈൽ. സുരഭി കാത്തൂൺ പല ഘട്ടങ്ങളിലായി ഇരുപത് കിലോയോളം സ്വർണം കടത്തിയെന്നാണ് ഡിആർഐക്ക് ലഭിച്ച വിവരം. സുഹൈലാണ് എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയെന്നും ഡിആർഐ പറഞ്ഞു. 28-ാം തീയതിയാണ് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കൊൽക്കത്ത സ്വദേശിയായ സുരഭിയെ സ്വർണവുമായി പിടികൂടിയത്. മലദ്വാരത്തിൽ 960 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്.