Kerala

പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്ത സംഭവം; വധശ്രമത്തിന് കേസെടുത്തു

Spread the love

ആലപ്പുഴയിൽ പൊലീസുകാരൻ സിനിമാ സ്റ്റൈലിൽ ഹോട്ടൽ അടിച്ചു തകർത്ത കേസിൽ വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ വാടക്കൽ സ്വദേശി സിഎഫ് ജോസഫിനെതിരെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. സംഭവത്തെപ്പറ്റിയുള്ള റിപ്പോർട്ട്‌ കിട്ടിയാലുടൻ വകുപ്പ് തല നടപടിയെന്നു കോട്ടയം എസ്പി ജെ കാർത്തിക് അറിയിച്ചു.

രണ്ടുദിവസം മുൻപ് ആലപ്പുഴ കളർകോടുള്ള അഹലൻ കുഴിമന്തി കടയിൽ നിന്ന് കഴിച്ച കുഴിമന്തിയിൽ നിന്ന് മകന് ഭക്ഷ്യവിഷബാധ ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു പൊലീസുകാരന്റെ അക്രമം. ബൈക്കിനു മുൻപിൽ വടിവാളുമായി എത്തി ഹോട്ടലിനുള്ളിലേക്ക് ഇടിച്ചു കേറ്റി ഹോട്ടൽ ആകെ അടിച്ചു തകർക്കുകയായിരുന്നു.

സംഭവത്തിൽ വധശ്രമം അടക്കം ഗുരുതര വകുപ്പുകൾ ചുമത്തിയ ആലപ്പുഴ സൗത്ത് പോലീസ് പ്രതി സി എഫ് ജോസഫിനെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. ഹോട്ടലിൽ വിരൽ അടയാള വിദഗ്ധരും ഫോറൻസിക് സംഘവും എത്തി തെളിവെടുത്തു. മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്ന് തെളിഞ്ഞു. 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിയെന്ന് ഹോട്ടലുടമ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതിക്കെതിരെ ഇന്ന് കൂടുതൽ നടപടികൾ ഉണ്ടാകും. ഇയാളുടെ മുൻ കാല ചെയ്തികളെ കുറിച്ച് അന്വേഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് കോട്ടയം എസ് പി ആവശ്യപ്പെട്ടു. ഇന്ന് തന്നെ പ്രാഥമിക റിപ്പോർട്ട്‌ നൽകണം. ഹോട്ടൽ തകർത്തത്തിൽ ആലപ്പുഴ എസ് പിയുടെ റിപ്പോർട്ടും തേടി.

പ്രതി അക്രമം നടത്തിയത് ചങ്ങനാശ്ശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ്. ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമാണ് ഹോട്ടലിൽ എത്തിയാണ്. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വടിവാൾ വാങ്ങിയതെന്നും പ്രതി മൊഴി നൽകി.