ലൈംഗിക അതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ലൈംഗിക അതിക്രമ കേസിൽ പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജൂൺ ആറ് വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആറ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതി നിർണായക തെളിവുകൾ നശിപ്പിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മാധ്യമങ്ങൾ വേട്ടയാടിയെന്നും ആരോഗ്യ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ കസ്റ്റഡിയിൽ വിട്ട് നൽകരുതെന്ന് പ്രജ്വൽ രേവണ്ണ വാദിച്ചു. കേസിൽ മുന്നോട്ട് പോകണമെങ്കിൽ പ്രജ്വലിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. പ്രജ്വലിന് അഭിഭാഷകനെ കാണുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. ആറ് ദിവസം കൊണ്ട് തെളിവുകൾ ശേഖരിക്കുന്നതിനും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്കും അന്വേഷണ സംഘം കടക്കും.
33 ദിവസമായി ജർമ്മനിയിൽ ഒളിവിലായിരുന്ന പ്രജ്ജ്വൽ ബെംഗളൂരു വിമാനത്താവളത്തി മടങ്ങിയെത്തിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ലുഫ്താൻസ വിമാനത്തിലായിരുന്നു പ്രജ്ജ്വൽ മടങ്ങിയെത്തിയത്. ലൈംഗിക അതിക്രമ പരാതിയിൽ ആരോപണ വിധേയനായ പ്രജ്വൽ രേവണ്ണ നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അതിന് കാത്തുനിൽക്കാതെ അർദ്ധരാത്രിയിൽ ബെംഗളൂരുവിൽ മടങ്ങിയെത്തിയ പ്രജ്ജ്വലിനെ വിമാനത്താവളത്തിൽ നിന്ന് തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.