വിവേകാനന്ദപ്പാറയിലെ തപസിന് ശേഷം താൻ ദൈവം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞാലും അത്ഭുതമില്ല’: എം വി ഗോവിന്ദൻ
വിവേകാനന്ദ പാറയിലെ തപസ്സിന് ശേഷം താൻ ദൈവം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞാലും അത്ഭുതപ്പെടാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്തിനു അപമാനമുണ്ടാക്കുന്ന സ്ഥിതി. രാഷ്ട്രീയം ഈ രീതിയിൽ മോശം ആക്കിയ മറ്റൊരു പ്രധാനമന്ത്രി രാജ്യത്തുണ്ടായിട്ടില്ല
തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടച്ചു ഭയപ്പെടുത്താൻ ശ്രമിച്ചു. അയോദ്ധ്യ,ഏകസിവിൽ കോഡ് എന്നിവ മുന്നോട്ടു വെച്ചു ഹിന്ദുത്വ അജണ്ട ഉയർത്തി. എന്നാൽ ഇത്തരം ചെപ്പടി വിദ്യകളെ ജനങ്ങൾ കൊണ്ടിട്ടില്ല. അതാണ് തെരഞ്ഞെടുപ്പ് ഓരോ ഘട്ടവും കഴിയുമ്പോ മനസ്സിലാക്കാൻ കഴിയുന്നത്.
വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനകീയ പ്രശ്നങ്ങളിൽ ചെറുക്കുക എന്നത് ഇത്തവണ കണ്ടു. പിന്നീട് കണ്ടത് പ്രധാനമന്ത്രിയുടെ സമനില തെറ്റിയ ക്യാമ്പയിനുകൾ. പച്ചയ്ക്ക് മുസ്ലീം വിരുദ്ധത പറഞ്ഞു. ന്യൂനപക്ഷ ജനങ്ങൾക്കെതിരെ വിശദീകരിക്കുന്ന എഴുപതോളം അഭിമുഖങ്ങൾ പ്രധാനമന്ത്രി നൽകിയെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട പ്രധാനമന്ത്രി ഗാന്ധിജി അറിയപ്പെട്ടത് ഗാന്ധി സിനിമയ്ക്ക് ശേഷം ആണെന്ന് പോലും പറഞ്ഞു. ഗാന്ധി വധത്തേക്കാൾ വലിയ അവസ്ഥയും അപമാനവുമായി. ഗോഡ്‌സെ ചെയ്തതിനേക്കാളും വലിയ വധമായി പോയി പ്രധാനമന്ത്രിയുടെ പ്രതികരണം.
ശശി തരൂരിന്റെ പി എ യുടെ സ്വർണ്ണ കള്ളക്കടത്തിൽ അദ്ദേഹം പ്രതികരിച്ചു. ശശി തരൂർ എംപിയുടെ പാസ് ഉപയോഗിച്ചാണ് ശിവകുമാർ പ്രസാദ് എയർപോർട്ടിലേക്ക് കടന്നത്. പക്ഷേ അത് കേരളത്തിലെ മാധ്യമങ്ങൾക്ക് പ്രധാന വാർത്ത ആയില്ല. ഇതാണ് കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട്. ഇടതു മുന്നണിക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. ഓരോ കേസുകളും കോടതികൾ തള്ളുകയാണ്. അപവാദ പ്രചാരണങ്ങൾ കൊണ്ടു വരുന്നതിൽ ചിലർ ഗവേഷണം നടത്തുന്നു.
ബിരിയാണി ചെമ്പിൽ സ്വർണ്ണക്കടത്തും കൈതോല പായയിലെ പണവും നട്ടാൽ കുരുക്കാത്ത നുണകൾ. എക്‌സാലോജിക്കിനെതിരെയുള്ള ആരോപണങ്ങൾ യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും കൊണ്ടു വന്നു. മാത്യു കുഴൽനാടൻ കോടതിയിൽ നിന്നും പ്രഹരം ഏറ്റിരിക്കുകയാണ്. അദ്ദേഹം ജനങ്ങൾക്ക് മുൻപിൽ അപഹാസ്യനായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന്റെയും ബിജെപിയുടെയും ചില മാധ്യമങ്ങളുടെയും സ്ഥിരം ഏർപ്പാടായി ഇതൊക്കെ. എക്‌സാലോജിക് കമ്പനിയുമായി വീണയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ളതാണല്ലോ ശ്രദ്ധേയമായ കാര്യം. കമ്പനി അധികൃതർ തന്നെ പറഞ്ഞു വീണയ്ക്ക് ബന്ധമില്ലെന്നു. ഇവിടെയുള്ള കമ്പനി എക്‌സാലോജിക്ക് സൊല്യൂഷൻസ് എന്നാണ്. രണ്ടും രണ്ടു കമ്പനിയാണ്. വസ്തുത വിരുദ്ധമായ കാര്യങ്ങളുടെ പേരിൽ കള്ള പ്രചാരവേല നടത്തി. യാഥാർഥ്യം അറിഞ്ഞു തന്നെയാണ് ചില മാധ്യമങ്ങൾ ഈ പ്രചരണം നടത്തിയത്.
ഒരേ പേരിൽ ഒരേ മനുഷ്യർ ഉണ്ടാകില്ലേ. ജനിക്കുമ്പോൾ തന്നെ പൊളിഞ്ഞു പോയ കള്ളമാണ് വിദേശ അകൗണ്ട് എന്ന ഷോൺ ജോർജിന്റെ ആരോപണം. മാധ്യമങ്ങൾ കള്ള പ്രചാര വേല നടത്തി മുന്നോട്ടു പോയാൽ അതിനെ നേരിടേണ്ടി വരും. തരം താണ മാധ്യമ പ്രവർത്തനമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. എന്ത് കളവും തോന്നിയവാസവും വിളിച്ചു പറയാം എന്ന നില സ്വീകരിക്കരുതെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
ഷോൺ ജോർജ് പറയുന്നത് കളവാണെന്ന് ഉറപ്പിച്ചാൽ പിന്നെന്തിനു കോടതിയിൽ പോകണം. കളവിനു ആരോപണം എന്ന് പറയില്ലലോ. ആരോപണം ഉന്നയിച്ചതിൽ വസ്തുതാ വിരുദ്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കാം. ഷോൺ ജോർജ്ജ് പറഞ്ഞത് പച്ചക്കള്ളവും തോന്നിയവാസവുമാണ്.
ഡി കെ ശിവകുമാറിന്റെ ആരോപണം. ശിവകുമാർ പറഞ്ഞതിനെ ഭ്രാന്ത് എന്നല്ലാതെ എന്ത് പറയാനാണ്. മറ്റൊരു പദ പ്രയോഗം അതിനില്ല. കെ സുധാകരൻ മറുപടി പറയട്ടെ. കള്ള് കുടിച്ചു അങ്ങോട്ടും ഇങ്ങോട്ടും KSU പ്രവർത്തകർ തല്ലുകയാണ്. ഒരു സംഘടനയുടെ അവസാന സ്ഥിതിയാണ്. KSU അതിന്റെ ദൗത്യം അവസാനിപ്പിച്ചു അവസാന നാളുകളിലേക്ക് പോവുകയാണ്. കൂടുതൽ ഒന്നും ഇപ്പോൾ പറയാനില്ല.
പുതിയ മദ്യ നയം എല്ലാ വർഷത്തെയും പോലും വരും. മദ്യ നയത്തിൽ പാർട്ടി ചർച്ച നടത്തിയിട്ടില്ല. കേരളത്തിൽ ഭൂരിപക്ഷ സീറ്റ് ഉറപ്പ്. ജയിക്കുന്നത് ആരാണ് തോൽക്കുന്നത് ആരാണെന്നു ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.എക്‌സിറ്റ് പോളുകളിൽ ആശങ്കയില്ല. ഇന്ത്യ മുന്നണിയിൽ സിപിഐഎം സർക്കാരിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് മുന്നണി വരട്ടെ,അപ്പോൾ നോക്കാം എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.