Kerala

ജെഎസ് സിദ്ധാർത്ഥന്റെ മരണം; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

Spread the love

പൂക്കോട് ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിബിഐ പ്രതികളുടെ ജാമ്യത്തെ എതിർത്തിരുന്നു.

ഇതോടെ കേസിലുണ്ടായിരുന്ന 20 പ്രതികളും ജാമ്യത്തിലാണ്. നേരത്തെ ഒരു പ്രതിക്ക് സിബിഐ കോടതി ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി 19 പ്രതികൾക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ കഴിയും വരെ വയനാട് ജില്ലയിൽ പ്രതികളാരും കടക്കരുത്, കേസ് കഴിയുംവരെ സംസ്ഥാനം വിട്ട് പോകരുത്, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവായാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്ന ഉപാധികൾ.

പ്രതികളുടെ പ്രായവും വിദ്യാർത്ഥികളാണെന്ന് പരിഗണനയുമാണ് ജാമ്യം നൽകുന്നതിന് വേണ്ടി കണക്കിലെടുത്തത്. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയെന്നും തുടർന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യപേക്ഷ സമർപ്പിച്ചത്. നേരത്തെ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. കൽപറ്റ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്.