National

‘ജനങ്ങൾ എന്നെ അനുഗ്രഹിക്കും, ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കും’ ; ഡി കെ ശിവകുമാർ

Spread the love

കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നുവെന്ന പരാമർശത്തിൽ ഉറച്ച് ഡികെ ശിവകുമാർ. ജനങ്ങൾ തന്നെ അനുഗ്രഹിക്കാൻ ഉണ്ട്. അവരുടെ പ്രാർത്ഥന കൂടെയുണ്ടെന്നും ശിവകുമാർ എഎൻഐയോട് പ്രതികരിച്ചു. ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു.

കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞിരുന്നു.ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗങ്ങൾ നടത്തുന്നത്. കേരളത്തിലെ രാജ രാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം(അഗ്നിബലി), പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തിയത്.

ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോ​ഗിച്ചു. പൂജകൾക്കായി ശത്രുക്കൾ അഘോരികളെയാണ് സമീപിക്കുന്നത്. യാ​ഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടിരുന്നു.