Kerala

പോളിങ് ഏറ്റവും കുറഞ്ഞ 20 ൽ ആറ് മണ്ഡലങ്ങൾ കേരളത്തിൽ; യു.ഡി.എഫിന് തിരിച്ചടിയാകുമോ?

Spread the love

രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് ഘട്ടത്തിലെ അന്തിമ പോളിങ് കണക്കുകൾ പുറത്തുവന്നപ്പോൾ, പോളിങ് ശതമാനം കുത്തനെ കുറഞ്ഞത് ആശങ്കയായി. ആദ്യ ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയ 428 മണ്ഡലങ്ങളിൽ 284 ഇടത്തും വോട്ട് താഴേക്ക് പോയിരുന്നു. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പോളിങ് ഇടിഞ്ഞ ആദ്യത്തെ 20 മണ്ഡലങ്ങളിൽ ആറെണ്ണം കേരളത്തിലാണ്. 2019 ൽ യു.ഡി.എഫ് ജയിച്ച മണ്ഡലങ്ങളാണ് ഇവ.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിലാണ് പോളിങ് ഇടിഞ്ഞത്. 10.87% വോട്ടാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മാത്രം ഇടിഞ്ഞത്. കനത്ത ചൂടും, യുവാക്കൾ വോട്ട് ചെയ്യുന്നതിൽ കാട്ടിയെ വിമുഖതയും, വോട്ടർ ലിസ്റ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് പോളിങ് കുറയാൻ കാരണമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

കോട്ടയം മണ്ഡലത്തിൽ 2019 ൽ 75.4% പോളിങ് നടന്നിരുന്നു. ഇവിടെ ഇത്തവണ 65.60 ആണ് പോൾ ചെയ്ത വോട്ട്. ഇടുക്കിയിൽ 66.53 ശതമാനം പേരേ ഇത്തവണ വോട്ട് ചെയ്തുള്ളൂ. കഴിഞ്ഞ തവണ ഇവിടെ 76.3 ശതമാനം പേർ വോട്ട് ചെയ്തിരുന്നു. യുഡിഎഫിൻ്റെ ഉറച്ച കോട്ടയായ എറണാകുളം മണ്ഡലത്തിൽ കഴിഞ്ഞ തവണ 77.6% വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 68.27 ശതമാനമാണ് പോളിങ്. ചാലക്കുടിയിൽ കഴിഞ്ഞ തവണ 80.5% എന്ന കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. ഇവിടെ ഇത്തവണ 71.84% പേരേ വോട്ട് ചെയ്തുള്ളൂ. കൊടിക്കുന്നിൽ സുരേഷ് പതിവായി ജയിച്ചുകയറുന്ന മാവേലിക്കര മണ്ഡലത്തിലും പോളിങ് ഇടിഞ്ഞു. ഇവിടെ 74.3% പോളിങ് 65.91 ശതമാനമായാണ് കുറഞ്ഞത്.

അഞ്ച് ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞപ്പോഴുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ അവലോകനം ചെയ്തുള്ളതാണ് റിപ്പോർട്ട്. കുത്തനെ വോട്ട് കുറഞ്ഞ 25 ലോക്സഭാ മണ്ഡലങ്ങളിൽ 17 എണ്ണവും മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. ഇതിൽ 16 ഉം ബിജെപിയുടെ സിറ്റിങ് സീറ്റുകൾ. അതിൽ തന്നെ മധ്യപ്രദേശിലും രാജസ്ഥാനിലുമായുള്ള 13 മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ബി.ജെ.പിക്ക് ശരാശരി 3.8 ലക്ഷം ഭൂരിപക്ഷം ലഭിച്ചിരുന്നു. വോട്ട് കുത്തനെ കുറഞ്ഞ 25 ൽ ആദ്യ 20 മണ്ഡലങ്ങൾ ദക്ഷിണേന്ത്യയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ്. ഇതിൽ തന്നെ എട്ടെണ്ണം കർണാടകം, ഏഴെണ്ണം തെലങ്കാന, അഞ്ചെണ്ണം മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. ഇതിൽ 12 എണ്ണത്തിലും 2019 ൽ ബി.ജെ.പിക്ക് ജയിക്കാൻ കഴിഞ്ഞിരുന്നു. ജയിച്ച സീറ്റുകളിൽ ബി.ജെ.പിക്ക് ശരാശരി 2 ലക്ഷം ഭൂരിപക്ഷം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ വോട്ട് ഇടിഞ്ഞത് നാഗാലാൻ്റിലായിരുന്നു, 82.91% പോളിങ് 2019 ൽ രേഖപ്പെടുത്തിയ ഇവിടെ ഇക്കുറി 57.72% ആണ് പോളിങ്. ഈസ്റ്റേൺ നാഗാ പീപ്പിൾസ് ഓർഗനൈസേഷൻ പുതിയ സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ച് വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാണ് വോട്ട് ഇടിയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.