Kerala

‘കൊച്ചിയിലും കളമശേരിയിലും ഇന്നലെയുണ്ടത് ലഘുമേഘ വിസ്ഫോടനം’: കൊച്ചി മേയർ

Spread the love

കൊച്ചിയിലും കളമശേരിയിലും ഇന്നലെയുണ്ടത് ലഘുമേഘ വിസ്ഫോടനമെന്ന് കൊച്ചി മേയർ. കഴിഞ്ഞ 35 മണിക്കൂറിൽ എറണാകുളം കളമശ്ശേരിൽ പെയ്‌തത്‌ 30 സെന്റിമീറ്റർ മഴ. കൊച്ചി കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ നിന്ന് ഫയര്‍ഫോഴ്സിന്‍റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ ഒഴുപ്പിക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് മാറ്റുന്നത്.

തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. 24 മണിക്കൂറിനകം കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

വെള്ളപൊക്കഭീതിയെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. ചേപ്പാട് പറത്തറയിൽ ദിവാകരനാണ് മരിച്ചത്.

നാളെ മുതൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയാണ്. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്.