Kerala

എല്ലാ കണ്ണും റഫായില്‍’; പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ

Spread the love

റഫയിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം ബോംബ് വർഷിച്ചതിന് പിന്നാലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ. ‘എല്ലാ കണ്ണുകളും റഫയിലേക്ക് ‘ എന്ന തലവാചകത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന പലസ്തീൻ സപ്പോർട്ട് ക്യാമ്പയിനിലാണ് ദുൽഖർ പങ്കാളിയായത്.

ഇൻസ്റ്റാഗ്രാം സ്റ്റാറ്റസുമായി ഷെയിന്‍ നിഗവും രംഗത്തെത്തി. കഫിയ ധരിച്ച ചിത്രത്തിന് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന ക്യാപ്ഷനോടെയാണ് പുതിയ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. പുതിയ സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഷെയിന്‍ നിഗത്തിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി.

നേരത്തെ മലയാളത്തിലെയും മറ്റ് ഇൻഡസ്റ്ററികളിലെയും നിരവധി അഭിനേതാക്കൾ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മലയാളി താരം കനി കുസൃതി പലസ്തീൻ ഐക്യദാർഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് കനി കാൻ വേദിയിലെത്തിയത്. കനി അഭിനയിച്ച പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.

ഞായറാഴ്ച രാത്രി റഫായിലെ ഒരു അഭയാർഥി ക്യാംപ് ഇസ്രായേൽ ബോംബിട്ട് കത്തിച്ചാമ്പലാക്കിയിരുന്നു. സംഭവത്തിൽ അൻപതോളം പേരാണ് വെന്തുമരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു. ഭവനരഹിതരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായേൽ ആക്രമണം പ്രതിഷേധാർഹമാണന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു. റഫാ ആക്രമണം അതിഗുരുതരമാണെന്നായിരുന്നു സ്‌പെയിനിന്റ പ്രതികരണം.