ഇൻഡോറിൽ ആരാധനാലയങ്ങളിലെ 437 ഉച്ചഭാഷിണികൾ നീക്കം ചെയ്തതിനെതിരെ എതിർപ്പുമായി മുസ്ലിം പ്രതിനിധികൾ
മധ്യപ്രദേശിലെ ഇൻഡോറിൽ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തതിനെതിരെ മുസ്ലിം പ്രതിനിധികൾ കളക്ടറെ കണ്ടു. 258 ആരാധനാലയങ്ങളിൽ നിന്നായി 437 ഉച്ചഭാഷിണികളാണ് നീക്കം ചെയ്തത്. ഇതിനെതിരെ ഇൻഡോറിലെ ഷഹർ ഖാസി, മൊഹമ്മദ് ഇഷ്രത് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ കളക്ടർ ആഷിഷ് സിങ്ങിനെ കണ്ടത്.
കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം, സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അനുവദനീയമായ ശബ്ദപരിധിക്കുള്ളിലുള്ള ഉച്ചഭാഷിണികൾ അനുവദിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് മൊഹമ്മദ് ഇഷ്രത് അലി പറഞ്ഞു. ക്ഷേത്രങ്ങളും പള്ളികളുമടക്കം ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തു. എന്തുകൊണ്ടാണ് മതപരമായ സ്ഥലങ്ങളിൽ മാത്രം ഉച്ചഭാഷിണിക്ക് നിയന്ത്രണമെന്നും വിവാഹങ്ങളിൽ ഉയർന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക് പ്ലേ ചെയ്യുന്നത് നിരോധിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരമാണ് ഉച്ചഭാഷിണികൾ നീക്കംചെയ്തതെന്നും എല്ലാവരും ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ആഷിഷ് സിങ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ ഉത്തരവുപ്രകാരം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത 258 വ്യത്യസ്‌ത ആരാധനാലയങ്ങളിൽ നിന്നായിട്ടാണ് 437 ഉച്ചഭാഷിണികൾ നീക്കം ചെയ്തെന്ന് അഡീഷണൽ എസിപി രാജേഷ് ദണ്ഡോതിയ അറിയിച്ചു. ക്ഷേത്ര, പള്ളി കമ്മിറ്റികളുമായി സംസാരിച്ചതിന് ശേഷമാണ് നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടങ്ങളിൽ ഭാവിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്.
സത്യപ്രതിജ്ഞചെയ്തതിൻ്റെ പിറ്റേദിവസം തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നിർദ്ദിഷ്ഠ ശബ്ദപരിധിക്കപ്പുറമുള്ള ഉച്ചഭാഷിണികൾ മതസ്ഥാപനങ്ങളിലും ഡിജെകളിലും ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഉത്തരവിറക്കിയിരുന്നു.