National

വോട്ട് കുത്തനെ കുറഞ്ഞ 25 ൽ 17 മണ്ഡലങ്ങളും ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം കിട്ടിയവ; കാവിക്കോട്ടകളിൽ വിള്ളലോ?

Spread the love

ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടം വോട്ടെടുപ്പിൽ കുത്തനെ വോട്ട് കുറഞ്ഞ 25 ലോക്സഭാ മണ്ഡലങ്ങളിൽ 17 എണ്ണവും മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന്. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള മണ്ഡലങ്ങളാണ് ഇവയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പറയുന്നു. 2019 ൽ ബിജെപി ജയിച്ചതാണ് ഈ 17 ൽ 16 മണ്ഡലങ്ങളും. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ഇവയിൽ 13 മണ്ഡലങ്ങളും. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ശരാശരി 3.8 ലക്ഷം ഭൂരിപക്ഷം ഈ മണ്ഡലങ്ങളിൽ ലഭിച്ചിരുന്നു. അവശേഷിക്കുന്ന മൂന്ന് മണ്ഡലങ്ങൾ യു.പിയിലാണ്.

അഞ്ചാം ഘട്ടം വരെ വോട്ട് കുത്തനെ കുറഞ്ഞ 25 ൽ ആദ്യ 20 മണ്ഡലങ്ങൾ ദക്ഷിണേന്ത്യയിലും പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ്. ഇതിൽ തന്നെ എട്ടെണ്ണം കർണാടകം, ഏഴെണ്ണം തെലങ്കാന, അഞ്ചെണ്ണം മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്. ഇതിൽ 12 എണ്ണത്തിലും 2019 ൽ ബി.ജെ.പിക്ക് ജയിക്കാൻ കഴിഞ്ഞിരുന്നു. ജയിച്ച സീറ്റുകളിൽ ബി.ജെ.പിക്ക് ശരാശരി 2 ലക്ഷം ഭൂരിപക്ഷവും ഉണ്ടായിരുന്നു.

രാജ്യത്ത് ആദ്യ അഞ്ച് ഘട്ടത്തിൽ 428 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. 2019 നെ അപേക്ഷിച്ച് ഇതിൽ 280 സീറ്റിലും വോട്ട് ഇടിഞ്ഞു. ഏറ്റവും കൂടുതൽ വോട്ട് ഇടിഞ്ഞത് നാഗാലാൻ്റിലായിരുന്നു, 82.91% പോളിങ് 2019 ൽ രേഖപ്പെടുത്തിയ ഇവിടെ ഇക്കുറി 57.72% ആണ് പോളിങ്. ഈസ്റ്റേൺ നാഗാ പീപ്പിൾസ് ഓർഗനൈസേഷൻ പുതിയ സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ച് വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാണ് കാരണം.

ആകെ 144 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ഉയർന്നത്. മണ്ഡല പുനർനിർണയം നടന്ന അസമിലെ നാല് മണ്ഡലങ്ങൾ ഒഴിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ സിദ്ധി മണ്ഡലത്തിൽ പോളിങ് 13 ശതമാനം കുറഞ്ഞു. മധ്യപ്രദേശിലെ തന്നെ ഖജുരാഹോ, റേവ, ഷാഹ്ദോൾ, ദെമോഹ്, ജബൽപുർ മണ്ഡലങ്ങളിലും വോട്ട് കുത്തനെ കുറഞ്ഞു. 2019 ൽ സംസ്ഥാനത്ത് ആകെയുള്ള 29 ൽ 28 സീറ്റിലും ബി.ജെ.പിയാണ് ഇവിടെ ജയിച്ചത്. എന്നാൽ ഖജുരാഹോയിൽ ഇന്ത്യ സഖ്യത്തിന് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥി പത്രിക നൽകിയെങ്കിലും തള്ളിയിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി വോട്ടെടുപ്പിന് ദിവസങ്ങൾ അവശേഷിക്കെ ബിജെപിയിൽ ചേർന്നിരുന്നു.

രാഷ്ട്രീയ ലോക്‌താന്ത്രിക് പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ച് രാജസ്ഥാനിൽ 2019 ൽ ആകെയുള്ള 25 സീറ്റും ബിജെപി ജയിച്ചിരുന്നു. ഇവിടെ ജുൻജുനു, അജ്മീർ, സിക്കാർ, ജയ്‌പൂർ റൂറൽ, ഗംഗാനഗർ എന്നിവിടങ്ങളിൽ വോട്ട് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് വസുന്ധര രാജെ സിന്ധ്യയെ ബിജെപി നേതൃത്വം തഴഞ്ഞതും ഇവർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതും വലിയ വാർത്തയാണ്. 2019 ൽ ആകെയുള്ള 26 സീറ്റും ബിജെപി ജയിച്ച ഗുജറാത്തിൽ, ഇക്കുറി ബർദോലി മണ്ഡലത്തിൽ 8.9 ശതമാനം വോട്ട് കുറഞ്ഞു.

യു.പിയിലെ മഥുരയിലും വോട്ട് വൻ തോതിൽ ഇടിഞ്ഞു. ബി.ജെ.പിയാണ് 2014 മുതൽ ഇവിടെ ജയിക്കുന്നത്. സിറ്റിങ് എംപി ഹേമ മാലിനിക്കെതിരെ മണ്ഡലത്തിൽ ഭരണ വിരുദ്ധ വികാരം അലയടിക്കുന്നുണ്ടെന്നും മണ്ഡലത്തിലെ പല ഭാഗത്തും മുസ്ലിം വിഭാഗക്കാർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നും ആരോപണമുണ്ട്. പടിഞ്ഞാറൻ യു.പിയിലെ ബിജ്നോർ, ബാഗ്‌പത്, മുസാഫർനഗർ തുടങ്ങിയ ജാട്ട് വിഭാഗത്തിന് സ്വാധീനമുള്ള മൂന്ന് മണ്ഡലങ്ങളും വോട്ട് കുത്തനെ കുറഞ്ഞ ആദ്യ 25 മണ്ഡലങ്ങളിലുണ്ട്. ബിജ്നോർ, ബാഗ്‌പത് മണ്ഡലങ്ങൾ ബിജെപി ഇത്തവണ രാഷ്ട്രീയ ലോക്‌ ദളിന് വിട്ടുകൊടുത്തിരുന്നു. 2019 ൽ ബിജെപി പരാജയപ്പെടുകയും രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥി മത്സരിക്കുകയും ചെയ്ത മുസാഫർ നഗറിൽ ഇത്തവണ രാഷ്ട്രീയ ലോക് ദൾ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് രാഷ്ട്രീയ ലോക്‌ ദളിൻ്റെ പിന്തുണയുണ്ട്.