Kerala

അബദ്ധത്തിൽ കാൽതെറ്റി കിണറ്റിൽ വീണു; മധ്യവയസ്കന് രക്ഷകരായി അ​ഗ്നിശമന സേന

Spread the love

മണ്ണാർക്കാട്: കിണറ്റിൽ വീണ മധ്യവയസ്കനെ രക്ഷപ്പെടുത്തി മണ്ണാർക്കാട് അ​ഗ്നിശമന സേനാ സംഘം. മണ്ണാർക്കാട് ബസ്സ്റ്റാൻഡ് സമീപമുള്ള സ്വകാര്യവ്യക്തിയുടെ കിണറിലാണ് 65കാരനായ യൂസഫ് അബദ്ധത്തിൽ കാൽ തെറ്റി വീണത്. മണ്ണാർക്കാട് നായാടികുന്ന് സ്വദേശിയാണ് അപകടത്തിൽ പെട്ട യൂസഫ്. ഇന്ന് രാവിലെയാണ് സംഭവം.

കിണറിൻ്റെ മുകൾവശത്ത് സ്ഥാപിച്ചിരുന്ന നെറ്റിൽ വിടവ് വന്നതിനെ തുടർന്ന് സമീപവാസികൾ കിണറിൽ നോക്കുകയായിരുന്നു. തുടർന്നാണ് മധ്യവയസ്കനെ കിണറിൻ്റെയുള്ളിൽ കണ്ടത്. ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്ത് മോൻ്റെ നേതൃത്വത്തിലുള്ള ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർ‌ത്തനം ആരംഭിച്ചു. ഒഎസ് സുഭാഷ്, ഷബീർ എംഎസ്, അജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിഷ്ണു വി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കിണറിലിറങ്ങിയാണ് യൂസഫിനെ രക്ഷിച്ചത്. കിണറിൽ നിന്നും പുറത്തെത്തിച്ച യൂസഫിനെ നന്മ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.