Kerala

ഗുണ്ടാനേതാവിന്റെ വിരുന്നില്‍ ഡിവൈഎസ്പി; എംജി സാബു നടത്തിയത് ഗുരുതര അച്ചടക്ക ലംഘനം

Spread the love

ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിന് പങ്കെടുത്തതില്‍ നടപടി നേരിട്ട പൊലീസുദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഗുരുതര വിമര്‍ശനം. ഡിവൈഎസ്പി എംജി സാബുവിന് വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഗുരുതര അച്ചടക്ക ലംഘനവും പൊലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായി. സംഭവം പൊലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഗുണ്ടകളെ നേരിടാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണിതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇന്നലെ സാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പിയാണ് എംജി സാബു. സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടില്‍ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പൊലീസുകാരന്‍ വിജിലന്‍സില്‍ നിന്നുള്ളയാളാണ്.

എം ജി സാബു സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ബാക്കിയുള്ളത് മൂന്ന് ദിവസം മാത്രമായിരുന്നു. ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സര്‍വീസില്‍ നിന്ന് വിരമിക്കാനിരുന്നത്. ഡിവൈഎസ്പിക്ക് നല്‍കാനിരുന്ന യാത്രയയപ്പും റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ നിന്ന് അഴിച്ചു മാറ്റി.