National

അഞ്ചുവർഷത്തിനുള്ളിൽ യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് അമിത് ഷാ

Spread the love

ബിജെപി അധികാരത്തിലേറി അഞ്ച് വർഷത്തിനുള്ളിൽ യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വാർത്താ ഏജൻസി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ചെലവ് വളരെയധികം നിയന്ത്രിക്കാനാകും. മാത്രവുമല്ല, കുട്ടികളുടെ അവധിക്കാലമായ കടുത്ത വേനൽക്കാലത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുകാരണം കുട്ടികൾക്കും ബുദ്ധിമുട്ടാണ്. തെരഞ്ഞെടുപ്പ് മറ്റേതെങ്കിലും മാസം നടത്താൻ ആലോചിക്കുമെന്നും അമിത് ഷാ പറഞ്ഞു.

യൂണിഫോം സിവിൽ കോഡ് ബിജെപിയിൽ ചുമത്തപ്പെട്ട ഉത്തരവാദിത്വമാണ്. നിയമ പണ്ഡിതരും ഭരണഘടനാ ശിൽപികളുമായ അംബേദ്കർ, രാജേന്ദ്ര ബാബു, കെഎം മുൻഷി തുടങ്ങിയവർ പോലും ഇന്ത്യ പോലൊരു മതേതര രാജ്യത്ത് മതാടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. സാമൂഹിക, നിയമ, മതപരമായ വലിയ ഒരു മാറ്റത്തിന് യൂണിഫോം സിവിൽ കോഡ് വഴിതുറക്കുമെന്നാണ് കരുതുന്നത്.

1950 മുതൽ യൂണിഫോം സിവിൽ കോഡ് ബിജെപിയുടെ അജണ്ടയിൽ ഉൾപ്പെട്ട വിഷയമാണ്. ഈയടുത്ത് ഉത്തരാഖണ്ഡിൽ യൂണിഫോം സിവിൽ കോഡ് നിയമം നടപ്പിലാക്കി. ഇതേക്കുറിച്ച് വിപുലമായ ചർച്ചകളും സംവാദങ്ങളും സർക്കാർ നടത്തേണ്ടതുണ്ട്. മതനേതാക്കളെയും ഇതിൽ ഉൾപ്പെടുത്തണം. കാരണം, ഉറപ്പായും ഈ വിഷയത്തിൽ ആരെങ്കിലും കോടതിയിൽ പോകും. അപ്പോൾ ജുഡീഷ്യറിയുടെ അഭിപ്രായവും ലഭിക്കും. ഇതിനു ശേഷം സംസ്ഥാനവും രാജ്യവും ഇതേക്കുറിച്ച് ഗൗരവപരമായി ആലോചിച്ച് നിയമം നടപ്പാക്കണം. യൂണിഫോ സിവിൽ കോഡ് രാജ്യത്ത് മുഴുവൻ നടപ്പിലാക്കണം.എല്ലാ സ്ത്രീകളുടെയും അവകാശത്തെ സംരക്ഷിക്കുന്ന ഒരു യൂണിഫോം സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കാതെ ഇവിടെ ലിംഗസമത്വം സാധ്യമാവില്ലെന്നാണ് ബിജെപിയുടെ വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും മികച്ച വിജയം പാർട്ടി നേടുമെന്നും 400 സീറ്റിലധികം നേടി അധികാരത്തിലെത്തുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒഡീഷ, ആന്ധ്രാ പ്രദേശ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്നിരുന്നു. ഈ സംസ്ഥാനങ്ങളിലെ ഭരണം ബിജെപിക്ക് ലഭിക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

നരേന്ദ്ര മോദി വലിയ നേതാവാണ്. ബിജെപിയുടെ കാതലായ പ്രത്യയശാസ്ത്രങ്ങളെല്ലാം നടപ്പിലായത് മോദിയുടെ ഭരണകാലത്താണ്. അത് അദ്ദേഹത്തിൻ്റെ ജനപ്രീതി വർധിപ്പിച്ചിട്ടുണ്ട്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത കേരളത്തിലും തമിഴ്നാട്ടിലും പാർട്ടിയുടെ വോട്ട് ഷെയർ വർധിക്കുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.