കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയതിന് അയല്‍വാസിയെ അടിച്ചുകൊന്ന കേസിലെ പ്രതിയുടെ വീട്ടിലും അക്രമം
കണ്ണൂര്‍: കാര്‍ കഴുകിയ വെളളം റോഡിലേക്ക് ഒഴുക്കിയതിന്‍റെ പേരിലുണ്ടായ തർക്കത്തിൽ കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്ന പ്രതിയുടെ വീട്ടിലും അക്രമം. കക്കാട് നമ്പ്യാർ മൊട്ടയിലെ അജയകുമാറിനെ കൊന്ന കേസിലെ പ്രതി ദേവദാസിന്‍റെ വീട്ടിലാണ് ഇന്ന് ഉച്ച തിരിഞ്ഞ് അക്രമമുണ്ടായത്. പ്രതിയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാറും ഓട്ടോയും ഒരു സംഘം അടിച്ചുതകര്‍ക്കുകയായിരുന്നു. വീടിന്‍റെ ജനാലയും തകര്‍ത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് അജയകുമാര്‍ കൊല്ലപ്പെട്ടത്. ദേവദാസും മക്കളും അസം സ്വദേശിയായ ഒരാളുമാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഇലക്ട്രീഷ്യനായിരുന്നു അജയകുമാര്‍. കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് ദേവദാസും മക്കളും അജയകുമാറുമായി തര്‍ക്കമുണ്ടായിരുന്നു.
ഈ ദേഷ്യമാണ് രാത്രി കൊലപാതകത്തിലേക്ക് നയിച്ചത്. രാത്രിയില്‍ വീണ്ടും അജയകുമാറുമായി പ്രതികള്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് മര്‍ദ്ദനമുണ്ടായത്. ഹെല്‍മെറ്റും കല്ലും കസേരയും എല്ലാം കൊണ്ടാണ് മര്‍ദ്ദനമുണ്ടായത്. ബോധരഹിതനായി വഴിയില്‍ കിടന്നുകിട്ടിയ അജയകുമാറിനെ സമീപവാസികളാണ് പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയത്.എന്നാല്‍ അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.
ദേവദാസിന്‍റെ വീട്ടിലെ അക്രമം നടത്തിയത് ആരാണെന്നത് വ്യക്തമായിട്ടില്ല. ദേവദാസും അജയകുമാറും തമ്മില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിസാരപ്രശ്നം ഒരു കൊലപാതകത്തില്‍ കലാശിച്ചതിന്‍റെ ഞെട്ടലിലാണ് സമീപത്തുള്ളവരെല്ലാം