മേയറുമായുള്ള തർക്കത്തിൽ KSRTC ഡ്രൈവർ യദുവിന്റെ ഹർജി തള്ളി
തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ KSRTC ഡ്രൈവർ യദുവിന്റെ ഹർജി തള്ളി. പൊലീസ് അന്വേഷണത്തിൽ കോടതി മേൽനോട്ടം വേണമെന്ന ഹർജിയാണ് തള്ളിയത്. യദു കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ടത് മേയർക്കെതിരായ അന്വേഷണത്തിലാണ്.
മേയർ ആദ്യം പരാതി നൽകിയത് കന്‍റോൺമെന്‍റ് പൊലീസിൽ ആയിരുന്നെങ്കിലും നിലവിൽ കേസ് അന്വേഷിക്കുന്നത് മ്യൂസിയം പൊലീസ് ആണ്. ആര്യ രാജേന്ദ്രൻ യുദുവിനെതിരെ നൽകിയ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് രഹസ്യ മൊഴി നൽകിയത്.
അതേസമയം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കസംഭവങ്ങൾ പുനരാവിഷ്‌കരിച്ച് പൊലീസ്. കെഎസ്ആർടിസി ഡ്രൈവർ യദു ലൈംഗിക ആംഗ്യം കാണിച്ചുവെന്ന മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് സംഭവം പുനരാവിഷ്‌കരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു പരിശോധന. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെ ബസും കാറും ഓടിച്ചാണ് സംഭവം പുനരാവിഷ്‌കരിച്ച് പരിശോധിച്ചത്. പരിശോധനയിൽ മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവം നടന്ന രാത്രി സമയത്ത് തന്നെയാണ് പുനരാവിഷ്കരണ പരിശോധനയും നടന്നത്. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിൻ്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്ന് പൊലീസ് കണ്ടെത്തി.