World

ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷം കുറവ്; മനുഷ്യായുസിന് വില്ലനായത് കൊവിഡ് മഹാമാരി

Spread the love

കൊവിഡിന് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷം കുറഞ്ഞെന്ന് ലോകാരോഗ്യ സംഘടന. മനുഷ്യായുസ് ഒരു ദശാബ്ദത്തെ താഴ്ന്ന നിലയിലെത്തി. കൊവിഡിന് ശേഷം ശരാശരി ആയുര്‍ദൈര്‍ഘ്യം 71.4 വയസായി. ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൊവിഡിന് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യം 1.8 വര്‍ഷം കുറഞ്ഞ് 71.4 ലേക്കെത്തി. അതായത് കൊവിഡ് മഹാമാരി മനുഷ്യജീവിതത്തെ പിന്നോട്ടെടുപ്പിച്ചത് ഒരു ദശാബ്ദത്തോളം കാലയളവാണ്. കൊവിഡ് മൂലം 2021ല്‍ ആരോഗ്യവാനായ ഒരാളുടെ ശരാശരി പ്രായം 1.5 വര്‍ഷം കുറഞ്ഞ് 61.9 വയസായി.

എന്നാല്‍ ലോകമെമ്പാടുമുള്ള ആയുര്‍ദൈര്‍ഘ്യത്തില്‍ കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ലെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലുമാണ് കൊവിഡ് മനുഷ്യായുസില്‍ വില്ലനായത്. രണ്ടിടത്തും ആയുര്‍ദൈര്‍ഘ്യം മൂന്ന് വര്‍ഷം കുറഞ്ഞു. നേരെമറിച്ച് പടിഞ്ഞാറന്‍ പസഫിക്കില്‍ 0.1വര്‍ഷം മാത്രമാണ് ആയുര്‍ദൈര്‍ഘ്യം കുറഞ്ഞത്.

2020ല്‍ ആഗോളമരണനിരക്കിന്റെ മൂന്നാമത്തെ ഏറ്റവും വലിയ കാരണമായിരുന്നു കൊവിഡെങ്കില്‍ 2021ല്‍ ഇത് രണ്ടാമതെത്തി. ഈ കാലയളവില്‍ മരിച്ചത് 13 ദശലക്ഷത്തോളം പേര്‍. ആഫ്രിക്കന്‍, പടിഞ്ഞാറന്‍ പസഫിക് മേഖലകളൊഴികെ ആഗോള മരണനിരക്കിലെ ആദ്യ അഞ്ച് കാരണങ്ങളില്‍ കൊവിഡുണ്ട്.

ഈ കണക്കുകള്‍ ആഗോള പകര്‍ച്ചവ്യാധി സുരക്ഷാ കരാറിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം പറഞ്ഞു. മനുഷ്യരില്‍ ആരോഗ്യ അവബോധം വളര്‍ത്തുക, ദീര്‍ഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുക, എല്ലാ രാജ്യങ്ങള്‍ക്കിടയിലും സമത്വബോധം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ആഗോള ആരോഗ്യ സുരക്ഷയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.