പെരിയാറിലെ മത്സ്യക്കുരുതിയില്‍ രാസമാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടും; പിസിബിയെ തള്ളി കുഫോസിന്റെ റിപ്പോര്‍ട്ട്
പെരിയാറിലെ മത്സ്യക്കുരുതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ (പിസിബി) തള്ളി കുഫോസിന്റെ റിപ്പോര്‍ട്ട്. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ അളവിലെന്നാണ് റിപ്പോര്‍ട്ട്. രാസമാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയ അലൈന്‍സ് മറൈന്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്.
രാസവസ്തുക്കള്‍ എവിടെ നിന്നാണെന്ന് അറിയില്ലെന്നും പരിശോധനാഫലം വരണമെന്നും കുഫോസിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണം ഫാക്ടറിയിലെ രാസമാലിന്യമല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിശദീകരണം. പ്രാഥമിക പരിശോധനയില്‍ അലൈന്‍സ് മറൈന്‍സ് പ്രോഡക്ടില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതായാണ് കണ്ടെത്തല്‍. കൂടുതല്‍ ഫാക്ടറികള്‍ക്കെതിരെയും ഉടന്‍ നടപടി എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു.
അതേസമയം വിഷയത്തില്‍ ഇടപെട്ട ഹൈക്കോടതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കി. പെരിയാര്‍ സംഭവത്തില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് കോടതി നടപടി. മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് മത്സ്യങ്ങള്‍ ചത്തതില്‍ വീഴ്ച സംഭവിച്ചതെന്നായിരുന്നു നേരത്തെ ജലസേചന വകുപ്പിന്റെ വാദം. എന്നാല്‍ ഒരു തരത്തിലുമുള്ള രാസമാലിന്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നായിരുന്നു ബോര്‍ഡിന്റെ വിശദീകരണം. ഇതിനെ തള്ളിക്കൊണ്ടാണ് കുഫോസ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.