സഞ്ജുവിന്റെ രാജസ്ഥാന്‍ വീണു; ഹൈദരാബാദ് ഫൈനലില്‍, ജയം 36 റണ്‍സിന്
നിര്‍ണായകമായ ഐപിഎല്‍ രണ്ടാം ക്വളിഫയറില്‍ അടിപതറിയ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കാണാതെ മടങ്ങി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം ആരാധാകര്‍ പ്രതീക്ഷ വെച്ച താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. യശ്വസി ജയ്‌സ്വാളും സഞ്ജുവും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ മടങ്ങിയതിന് പിന്നാലെ എത്തിയ ധ്രുവ് ജുറല്‍ 29 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും പാഴായി. പുറത്താകാതെ 35 ബോളില്‍ നിന്ന് 56 റണ്‍സ് ജുറല്‍ നേടി. 11 ബോളുകള്‍ നേരിട്ട സഞ്ജുവിന് വെറും പത്ത് റണ്‍സെടുക്കാനാണ് സാധിച്ചത്. ജയ്‌സ്വള്‍ ആവേശം നിറക്കുന്ന പ്രകടനമായിരുന്നെങ്കിലും ഷഹബാസ് അഹമ്മദ്് എന്ന ഇടംകൈയ്യന്‍ സ്പിന്നറുടെ മുമ്പില്‍ വീണു. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് ഹൈദരാബാദിന്റെ എതിരാളി. ആദ്യം ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങില്‍ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
മൂന്ന് വിക്കറ്റ് എടുത്ത ഷഹ്ബാസ് അഹമ്മദും രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മയും ചേര്‍ന്നാണ് ഹൈദരാബാദിന്റെ വിജയം ഉറപ്പാക്കിയത്. രാജസ്ഥാന്റെ ബാറ്റിങ് തീര്‍ത്തും നിരാശജനകമായി. നാലാം ഓവറിന്റെ അവസാന പന്തില്‍ ടോം കോഹ്ലര്‍-കഡ്മോര്‍ ആദ്യ വിക്കറ്റ് നല്‍കി. 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് എടുത്തത്. മൂന്നാമനായി എത്തിയ സഞ്ജു സാംസണ്‍ ജയ്സ്വാള്‍ സഖ്യം 41 റണ്‍സ് നേടിയെങ്കിലും ആദ്യം സഞ്ജുവും പിന്നാലെ ജയ്സ്വാളും മടങ്ങി. ജയ്‌സ്വാളിനെ ഷഹ്ബാസ് പുറത്താക്കിയപ്പോള്‍ സഞ്ജുവിനെ അഭിഷേക് മടക്കി. വെറും ആറ് റണ്‍സ് മാത്രമെടുത്ത റിയാന്‍ പരാഗിന് നിരശയായിരുന്നു. റണ്‍സൊന്നുമില്ലാതെ ആര്‍ അശ്വിനും നാല് റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്മെയറും ആറ് റണ്‍സുമായി റോവ്മാന്‍ പവലും കളം വിട്ടു. റണ്‍സൊന്നും എടുക്കാനായില്ലെങ്കിലും ട്രന്റ് ബോള്‍ട്ട് ജുറലിനൊപ്പം അവസാന പന്തുവരെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്റെ തുടക്കവും നിരാശജനകമായിരുന്നു. ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ അഭിഷേക് ശര്‍മ വെറും പന്ത്രണ്ട് റണ്‍സെടുത്ത് മടങ്ങി. ബോള്‍ട്ടിന്റെ പന്തില്‍ ടോം കോഹ്ലര്‍-കഡ്മോര്‍ ക്യാച്ച് എടുക്കുകയായിരുന്നു. തൊട്ടു പിന്നാലെ ത്രിപാഠി-ഹെഡ് സഖ്യം 42 റണ്‍സ് എടുത്തെങ്കിലും 15 ബോളില്‍ 37 റണ്‍സ് തികച്ച് ത്രിപാഠിയും ക്രീസ് വിട്ടു. ഹെന്ററിച്ച് 34 പന്തില്‍ നിന്ന് നേടിയ അര്‍ധ സെഞ്ച്വറിയാണ് ഹൈദരാബാദിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. തോല്‍വിയോടെ രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ ജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡ് സാംസണ് നഷ്ടമായി.