ബാർ കോഴ: ‘റിയാസിന് പങ്കുണ്ട്, എംബി രാജേഷ് പരാതി നൽകിയത് റിയാസിനെ രക്ഷിക്കാൻ’; ജുഡീഷ്യൽ അന്വേഷണം വേണം: യുഡിഎഫ്
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരായി ഉയർന്ന ബാർ കോഴ ആരോപണത്തിൽ നിലപാട് കടുപ്പിച്ച് യു ഡി എഫ്. ബാർ കോഴയിൽ രണ്ട് മന്ത്രിമാർക്ക് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും യു ഡി എഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രി എം ബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്കുണ്ടെന്ന് പറഞ്ഞ ഹസൻ, ഇരുവരും രാജിവക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാറസോസിയേഷൻ പിരിവ് നടത്തില്ലെന്നും യു ഡി എഫ് കൺവീനർ അഭിപ്രായപ്പെട്ടു.
ബാർ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്ന് പറഞ്ഞ ഹസൻ, ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ യഥാർത്ഥ വസ്തുത പുറത്തുവരില്ലെന്നും വിവരിച്ചു. എക്സൈസ് മന്ത്രി എം ബി രാജേഷ് നേരിട്ട് പരാതി നൽകിയത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ സഹായിക്കാനാണ്. കുറഞ്ഞ പക്ഷം ജുഡീഷ്യൽ അന്വേഷണമെങ്കിലും സർക്കാർ പ്രഖ്യാപിക്കണമെന്നും ഹസൻ വ്യക്തമാക്കി. ബാർകോഴയിൽ പങ്കുള്ള എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജിവച്ച് മാറിനിന്നുവേണം അന്വേഷണം നേരിടാനെന്നും ഹസൻ കൂട്ടിച്ചേർത്തു.