National

‘തെരഞ്ഞെടുപ്പ് കമ്മീഷനെ ബുദ്ധിമുട്ടിക്കാനാകില്ല’; വോട്ടിംഗ് ശതമാനം പുറത്തുവിടണമെന്ന് ഹര്‍ജിയില്‍ ഇടപെടാതെ സുപ്രിംകോടതി

Spread the love

എല്ലാ പോളിങ് സ്‌റ്റേഷനുകളിലെയും വോട്ടര്‍മാരുടെ അന്തിമ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്ന് ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്തയും സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലെയും വോട്ടെടുപ്പ് അവസാനിച്ച് 48 മണിക്കൂറിനുള്ളില്‍ പോളിങ് സ്റ്റേഷന്‍ തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്ന എന്‍ജിഒ ആണ് സുപ്രിംകോടതിയെ സമീപിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം പുറത്തുവിടണമെന്ന ഹര്‍ജിയില്‍ തത്ക്കാലം ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. തെരഞ്ഞെടുപ്പിനിടെ ഇലക്ഷന്‍ കമ്മീഷനെ ബുദ്ധിമുട്ടിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സന്നദ്ധ സംഘടനയായ എഡിആറിന്റെ ഹര്‍ജി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം പരിഗണിക്കും. നാളെയാണ് രാജ്യത്ത് ആറാം ഘട്ട തെരഞ്ഞെടുപ്പ്.

വോട്ടര്‍മാരുടെ മനസ്സില്‍ സംശയം ജനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബെഞ്ചിനെ അറിയിച്ചു.
സംശയത്തിന്റെയും ഭയത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഹര്‍ജിയുടെ അടിസ്ഥാനം. തെരഞ്ഞെടുപ്പ് നടത്തുന്നത് കഠിനമായ ദൗത്യമാണ്. ഇതിനിടയില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളെ ഇടപെടാന്‍ അനുവദിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടര്‍മാരുടെ പോളിംഗ് ശതമാനം 14 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രസിദ്ധീകരിച്ചത്.