ഇബ്രാഹിം റെയ്സിയുടെ മരണം; ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വ്യോമപാതയിൽ നിന്ന് ഹെലികോപ്റ്റർ വ്യതിചലിച്ചിട്ടില്ലെന്നും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെയും, വിദേശകാര്യ മന്ത്രി ഹുസൈൻ അബ്ദുല്ല ഹിയാന്റെയും മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തെ കുറിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് ആണ് പുറത്തുവന്നത്. ഇറാന്റെ സായുധ സേനാ മേധാവിയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിൽ നിന്ന് വെടിയുണ്ടകളോ, സമാന വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഒരിക്കൽ പോലും ഹെലികോപറ്റർ വ്യോമപാതയിൽ നിന്ന് വ്യതിചലിചില്ല. വാച്ച് ടവറും ഫ്ലൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അപകടത്തിന് ഏകദേശം ഒന്നര മിനിറ്റ് മുൻപ് ഹെലികോപ്റ്റർ വ്യൂഹത്തിലെ മറ്റ് രണ്ട് കോപ്ടറുകളുടെ പൈലറ്റുമാകുമായി തകർന്ന ഹെലികോപ്റ്ററിന്റെ പൈലറ്റ് ബന്ധപ്പെട്ടിരുന്നു.
കനത്ത മൂടൽ മഞ്ഞും, ദുർഘടമായ മലനിരകളുമാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമായത്. ഡ്രോണുകളുടെ സഹായത്തോടെയാണ് അപകട സ്ഥലം കണ്ടെത്താനായതെന്നും റിപ്പോർട്ടിലുണ്ട്.