Kerala

‘ബാർ കോഴ ആരോപണം തെറ്റ്, പണം കെട്ടിടം വാങ്ങാൻ’; വിവാദ ശബ്ദരേഖയിൽ അനിമോനെ തളളി ബാർ ഉടമകളുടെ സംഘടന

Spread the love

സംസ്ഥാനത്തെ മദ്യനയത്തിലെ ഇളവിന് പകരമായി ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിനെ തളളി അസോസിയേഷൻ പ്രസിഡൻ്റ് സുനിൽ കുമാർ. പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുളള ലോൺ തുകയാണെന്നാണ് പ്രസിഡൻ്റിന്റെ പ്രതികരണം. സംഘടനയെ പിളർത്താൻ ശ്രമം നടത്തിയതിന് അനിമോനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം സംഘടന തീരുമാനമെടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

650 അംഗങ്ങളാണ് ഞങ്ങളുടെ സംഘടനയിലുള്ളത്. സംഘടനയ്ക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എറണാകുളത്ത് ഒരു ഓഫിസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് ഓഫിസ് വേണ്ട എന്ന് അഭിപ്രായമുള്ള ചിലർ സംഘടനയ്ക്കുള്ളിലുണ്ടായിരുന്നു. കെട്ടിടം വാങ്ങുന്നത് സംബന്ധിച്ച് രണ്ടു തവണ തീരുമാനമെടുത്തിട്ടും എതിർപ്പ് കാരണം നടപ്പാക്കാനായില്ല. മൂന്നാം തവണ ശക്തമായിത്തന്നെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചു. മേയ് 30നുള്ളിൽ മുഴുവൻ തുകയും നൽകണം.

എന്നാൽ വായ്പയാവശ്യപ്പെട്ടതിനോട് അനിമോൻ ഉൾപ്പെടെയുള്ള ചിലർ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചു. കെട്ടിടം വാങ്ങാൻ തീരുമാനിച്ചപ്പോൾ തന്നെ അനിമോൻ ഉൾപ്പെടെയുള്ള ഇടുക്കിയിലെയും കൊല്ലത്തെയും ചില നേതാക്കൾ ചേർന്ന് മറ്റൊരു സംഘടന രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇത് തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അനിമോന്റെ സാന്നിധ്യത്തിൽത്തന്നെ ഇതിനെ കമ്മിറ്റി വിമർശിക്കുകയും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. അപ്പോൾത്തന്നെ അനിമോൻ കമ്മിറ്റിയിൽ നിന്നിറങ്ങിപ്പോകുകയും ചെയ്തു

സമയപരിധി കൂട്ടണമെന്നും ഡ്രൈഡേ ഒഴിവാക്കണമെന്നും സർക്കാരിനോട് നേരത്തെ തന്നെ സംഘടന ആവശ്യപ്പെടുന്നുണ്ട്. ഡ്രൈഡേ ഒഴിവാക്കിത്തന്നാൽ മാത്രമേ മുന്നോട്ടുപോകാനാകൂ. ബാർ ഹോട്ടലുകളുടെ കച്ചവടം 40 ശതമാനമാണ് കുറഞ്ഞത്. അതിനു പിന്നാലെയാണ് 5 ലക്ഷം രൂപ ഫീസിനത്തിൽ കൂട്ടിയത്. ഇതിലെ അമർഷം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു.

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരു ബാർ ഹോട്ടലുടമ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്.