Kerala

ഇനി മത്സ്യക്കുരുതിയല്ല, മനുഷ്യക്കുരുതിയാകും വരാന്‍ പോകുന്നത്’; ചത്ത മീനുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലേക്ക് വലിച്ചെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

Spread the love

പെരിയാറിലെ മത്സ്യക്കുരുതിയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസില്‍ ചത്ത മീനുകളുമായെത്തി നാട്ടുകാരുടെ പ്രതിഷേധം. കുട്ടകളിലും ബക്കറ്റുകളിലും ചത്ത മീനുകളെ നിറച്ച് അവയെ ഓഫീസിനുള്ളിലേക്ക് എറിഞ്ഞുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മത്സ്യകര്‍ഷകരും കോണ്‍ഗ്രസും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസടക്കം പ്രതിഷേധത്തിനെത്തിയിരുന്നു.

പൊലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പൊലീസും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ചീഫ് എഞ്ചിനീയറുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. ഏലൂരിലെ കമ്പനികള്‍ പുഴയിലേക്ക് രാസമാലിന്യം തള്ളുന്നത് ആദ്യത്തെ സംഭവമല്ലെന്നും ഉദ്യോഗസ്ഥര്‍ പണം വാങ്ങി ഇത് അനുവദിച്ചുകൊടുക്കുന്നത് തടയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നും മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി. ഇതിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ മത്സ്യക്കുരുതിയല്ല ഇനി നടക്കാന്‍ പോകുന്നത് മനുഷ്യക്കുരുതിയായിരിക്കുമെന്ന് പ്രതിഷേധിച്ച നാട്ടുകാരും പറഞ്ഞു. ഇന്നലെ മുതല്‍ തന്നെ വിഷയത്തില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തിവരികയായിരുന്നു.

അതേസമയം സംഭവത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.