ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്; നേട്ടം കെയ്റോസ് എന്ന നോവലിന്
ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാകുകയാണ് ജെന്നി.നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ, മിഖായേൽ ഹോഫ്മാനും പുരസ്കാരമുണ്ട്.
മുൻപ് വേറിട്ട അസ്തിത്വത്തോടെ നിലനിന്നിരുന്ന കിഴക്കൻ ജർമനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലത്തിൽ എഴുതിയിരിക്കുന്ന ഒരു സങ്കീർണമായ പ്രണയകഥയാണ് ജെന്നിയുടെ കെയ്റോസ്. ഉട്ടോപ്യൻ രീതിയിൽ തുടങ്ങി വളരെ കയ്പ്പേറിയ സംഭവങ്ങളിലൂടെ കടന്നുപോയി ഒടുവിൽ കെട്ടടങ്ങുന്ന പ്രണയമാണ് ജെന്നി നോവലിൽ വരച്ചുകാണിച്ചിരിക്കുന്നത്. സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണകൂടങ്ങൾ വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവും നോവലിൽ മനോഹരമായി ഇടകലരുന്നുണ്ട്.
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ് കെയ്റോസ് ബുക്കർ പ്രൈസ് നേടിയത്. സമ്മാനത്തുകയായ 50,000 പൗണ്ട് അഥവാ 64,000 ഡോളർ എഴുത്തുകാരിയും വിവർത്തകനും പങ്കുവയ്ക്കും. ബെർലിൻ മതിലിൻ്റെ പതനത്തിലേക്ക് നയിക്കുന്ന ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ അവസാന നാളുകളുടെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്റോസെന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.