Kerala

109 വൈദ്യുതി പോസ്റ്റുകൾ തകർന്നു, 120 എണ്ണം കടപുഴകി വീണു, 325 ഇടങ്ങളിൽ ലൈൻ പൊട്ടി; തലസ്ഥാനത്ത് നാശനഷ്ടങ്ങളേറെ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. ജില്ലയിലെ ഒൻപത് സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് നാശനഷ്ടങ്ങൾ. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാൽ, കല്ലിയൂർ, പൂഴിക്കുന്ന്, കമുകിൻതോട്, കാഞ്ഞിരംകുളം, പാറശ്ശാലസ ഉച്ചക്കട എന്നീ സെക്ഷൻ പരിധികളിൽ മരങ്ങൾ ലൈനുകൾക്ക് മുകളിലേക്ക് കടപുഴകി വീണും മരച്ചില്ലകൾ ലൈനിൽ പതിച്ചും വൈദ്യുതി വിതരണ ശൃംഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

109 വൈദ്യുതി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം തകർന്നത്. 120 പോസ്റ്റുകൾ കടപുഴകി വീണു. 325 സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടി. നൂറുകണക്കിന് മരങ്ങൾ ലൈനുകളിൽ പതിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രകൃതി ദുരന്തം കാരണമായുണ്ടായ പ്രതിബന്ധങ്ങൾ വകവെയ്ക്കാതെ ഉദ്യോഗസ്ഥർ ക‍ർമനിരതരാണെന്ന് കെഎസ്ഇബി അറിയിച്ചു. അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാല അടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുമുള്ള പ്രവ‍ർത്തനങ്ങൾ നടന്നുവരികയാണ്. ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി തന്നെ വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചു.

അതേസമയം വ്യാപക നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. മരങ്ങൾ വെട്ടിമാറ്റിയും ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചും യുദ്ധകാല അടിസ്ഥാനത്തലാണ് നടപടികൾ പുരോഗമിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇതിന് നാട്ടുകാരുടെ സഹകരണവും ലഭിക്കുന്നുണ്ട്. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്നും ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിലുള്ളവർ അക്കാര്യം അതത് സെക്ഷൻ ഓഫീസുകളെ അറിയിക്കണമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ പറയുന്നു.

വൈദ്യുതി തടസം സംബന്ധിച്ച പരാതികൾ കെ.എസ്.ഇ.ബിയുടെ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറായ 1912ൽ വിളിച്ചോ അല്ലെങ്കിൽ 9496001912 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്തോ അറിയിക്കാവുന്നതുമാണ്.