Kerala

മെഡിക്കല്‍ കോളജുകളിലെ ചികിത്സാപ്പിഴവുകള്‍; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രി

Spread the love

മെഡിക്കല്‍ കോളജുകളില്‍ നിന്ന് നിരവധി ചികിത്സാപ്പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാളെ തിരുവനന്തപുരത്താണ് മന്ത്രി വിളിച്ച യോഗം നടക്കുക. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതിനായി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സുപ്രണ്ട്, ഡെപ്യുട്ടി സൂപ്രണ്ടുമാര്‍ എന്നിവരെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.

വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവവും കാലിന് പകരം കൈയില്‍ കമ്പിയിട്ട സംഭവവും അടുത്തിടെ കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ രൂക്ഷവിമര്‍ശനങ്ങളുയരാന്‍ കാരണമായി. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി കഴിഞ്ഞ ദിവസം പരാതിയുയര്‍ന്നിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് ഡോക്ടറെ അറിയിച്ചപ്പോള്‍ ഉറങ്ങുന്നത് ആകും എന്ന് പറഞ്ഞ് തിരിച്ചയച്ചതായി കുടുംബം ആരോപിച്ചിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശി 70 വയസ്സുകാരി ഉമൈബ മരിച്ചത് മെഡിക്കല്‍ കോളജിന്റെ ്‌നാസ്ഥ മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു.

ചികിത്സാപ്പിഴവുകളുമായി ബന്ധപ്പെട്ട് നടപടിയുണ്ടായില്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് ഇന്നലെ കെ സി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ആളുകളെ ശിക്ഷിക്കുന്ന കേന്ദ്രങ്ങളായി മാറിയെന്നും ആലപ്പുഴ മെഡിക്കല്‍ കോളജ് ആളെക്കൊല്ലുന്ന കേന്ദ്രമായി മാറിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.