‘തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി’; അതിനേറ്റ തിരിച്ചടിയാണ് വിധിയെന്ന് കെ സുധാകരൻ
തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കിയെന്ന് കെ സുധാകരൻ. അതിനേറ്റ തിരിച്ചടിയാണ് വിധി. സുപ്രിം കോടതിയെ സമീപിച്ചാൽ അവിടെയും നേരിടുമെന്നും സുധാകരൻ പറഞ്ഞു. ഇപി ജയരാജൻ വധശ്രമക്കേസിൽ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി അനുവദിച്ചതിനു പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം.
പാവം ഇപി എന്ന് സുധാകരൻ പരിഹസിച്ചു. ഇത് സിപിഐഎമ്മിനുള്ള തിരിച്ചടിയാണ്. സുപ്രിം കോടതിയെ സമീപിച്ചാൽ അവിടെയും നേരിടും. ഖാർഗെയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്. തന്നെ വേട്ടയാടാൻ ശ്രമിച്ചു. തന്നെ ക്രിമിനലായി ചിത്രീകരിക്കാൻ കെട്ടുകഥയുണ്ടാക്കി. ഇത് കാത്തിരുന്ന വിധിയാണ്. തലയ്ക്ക് മുകളിൽ ഉള്ള വാൾ ആയിരുന്നു. രാഷ്ട്രീയത്തിൽ തന്നെ നശിപ്പിക്കാൻ ശ്രമിച്ചു. പ്രതിയാക്കിയത് ഇല്ലാത്ത കുറ്റത്തിന്. അതിനേറ്റ തിരിച്ചടിയാണ് വിധി എന്നും അദ്ദേഹം പറഞ്ഞു.
1995 ഏപ്രിൽ 12നാണ് ട്രെയിനിൽ വെച്ച് ഇപി ജയരാജനെ വധിക്കാൻ ശ്രമമുണ്ടായത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങവേ ആന്ധ്രയിലെ ഓങ്കോളിൽ വെച്ചാണ് വധശ്രമം ഉണ്ടായത്. കേസിൽ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആന്ധ്രയിലെ വിചാരണകോടതി ശിക്ഷിച്ചിരുന്നെങ്കിലും മേൽക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
തുടർന്ന് 2016ലാണ് കേസിൽ നിന്ന് കുറ്റവിമിക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമെന്ന് കെ സുധാകരൻ. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഐഎം പദ്ധതിയായിരുന്നു കേസെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു. കൊലയാളി എന്ന് വിളിച്ച സിപിഐഎമ്മിന്റെ ആക്ഷേപങ്ങളെ തള്ളുന്ന വിധിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനലാക്കാനുള്ള സിപിഐഎം ശ്രമമാണ് പൊളിഞ്ഞതെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.
കേസിലെ ആരോപണം സിപിഐഎമ്മിന്റെ ആസൂത്രിത നുണയായിരുന്നുവെന്ന് വിടി ബൽറാം ട്വന്റിഫോറിനോട് പ്രതികരിച്ചു. ഹൈക്കോടതി വിധി സിപിഐഎമ്മിനേറ്റ രാഷ്ട്രീയ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.