Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ രക്ത സാമ്പിൾ ശേഖരിക്കും

Spread the love

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ശാസ്ത്രീയ നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. യുവതിയുടെ രക്തസാമ്പിൾ ശേഖരിക്കാൻ ഉന്നത പൊലീസ് യോഗത്തിൽ തീരുമാനം. പൊലീസ് ഫൊറൻസിക് ലാബിൽ സാമ്പിൾ പരിശോധിക്കും. രാഹുലിന്റെ മർദനത്തിൽ രക്തം വന്നതിന്റെ തെളിവ് പൊലീസ് കണ്ടെത്തിയിരുന്നു.

അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത കാർ പരിശോധിച്ചപ്പോഴാണ് സീറ്റിൽ രക്തക്കറ കണ്ടെത്തിയത്. ഈ കാറിലാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം രാഹുലിനെ ജർമ്മനിയിൽ നിന്ന് തിരിച്ചെത്തിക്കാനായി റെഡ് കോർണർ നോട്ടീസിന് ആയുള്ള അപേക്ഷ ഫറോക് എസിപി സാജു കെ എബ്രബഹാം എഡിജിപിക്ക് കൈമാറി. നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അപേക്ഷ നൽകും. നിലവിൽ രാഹുലിനെ കണ്ടെത്താനായി ലുക്ക് ഔട്ട് സർക്കുലറിന് പുറമേ ബ്ലൂ കോർണർ നോട്ടീസും നിലവിലുണ്ട്.

രാഹുലിന്റെ അമ്മ ഉഷാകുമാരിയും സഹോദരി കാർത്തികയും നൽകിയ മുൻകൂർ ജാമ്യ അപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പെൺകുട്ടിയുടെയും വീട്ടുകാരുടെയും ആരോപണങ്ങൾ അടിസ്ഥാനരഹിതം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷാ കുമാരിയും കാർത്തികയും കോടതിയെ സമീപിച്ചത്.